*വിദ്യാഭ്യാസ പദ്ധതി: ഉദാത്ത ദർശനങ്ങളും പ്രായോഗിക യാഥാർത്ഥ്യങ്ങളും*
1. വിദ്യാഭ്യാസവും ജീവിതവും
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പുറത്തുവരുന്ന സമയങ്ങളിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി വാട്സ്ആപ്പിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പതിവായി പ്രത്യക്ഷപ്പെടുന്ന ഒരു ഫലിതമുണ്ട്: സ്കൂളിലെ മുൻബഞ്ചിലെ വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും സയൻസ് വിഷയങ്ങളെടുത്ത് വൻവിജയം നേടി ഐഎഎസ് പോലുള്ള ഉന്നത തസ്തികകളുൾപ്പെടെയുള്ള ഉദ്യോഗങ്ങളിൽ എത്തുകയും ചെയ്യുന്നു. രണ്ടാം ബഞ്ചുകാർ സയൻസ് പഠിക്കാൻ വേണ്ടത്ര മാർക്കില്ലാത്തതിനാൽ ഹ്യുമാനിറ്റീസ് വിഷയങ്ങളെടുക്കേണ്ടി വരികയും പിന്നീട് രാഷ്ട്രീയത്തിലെത്തുകയും മന്ത്രിമാരും ജനപ്രതിനിധികളുമായി ഒന്നാം ബഞ്ചുകാരെ തങ്ങളുടെ നയങ്ങൾ നടപ്പാക്കുന്ന ജോലിക്കാരാക്കുകയും ചെയ്യുന്നു. മൂന്നാം ബഞ്ചുകാർ കഷ്ടി പിഷ്ടി പാസായി തുടർന്ന് പഠിക്കാനാവാത്തതിനാൽ അത്യാവശ്യം തരികിടകളുമായി ബിസിനസിലിറങ്ങി പണം സമ്പാദിക്കുകയും പണമെറിഞ്ഞ് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിലയ്ക്കെടുത്ത് നയങ്ങൾ തങ്ങൾക്കനുകൂലമാക്കുകയും ചെയ്യുന്നു. പിൻബഞ്ചുകാരാകട്ടെ പരീക്ഷയിൽ തോറ്റ് പഠനം തന്നെ നിർത്തി ഗുണ്ടകളും അധോലോക രാജാക്കളുമാകുന്നു. ഇക്കൂട്ടർ മേൽപ്പറഞ്ഞ മൂന്നു വിഭാഗങ്ങളെയും വിറപ്പിച്ചു നിർത്തി കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കുന്നു. വിദ്യാഭ്യാസ കാലവും പിൽക്കാല ജീവിതവും തമ്മിൽ ബന്ധപ്പെടുത്തി പ്രചരിക്കുന്ന രസകരമായ ഈയൊരു നിരീക്ഷണം ആഗോളതലത്തിൽ തന്നെ പ്രസിദ്ധമാണ്. ഇന്ത്യൻ സാഹചര്യത്തിൽ ഇതിനോടൊപ്പം ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാറുണ്ട്. സെക്കണ്ടറി - ഹയർ സെക്കണ്ടറി തലങ്ങളിലൊന്നും എത്താനാവാത്ത കൂട്ടർ, പ്രൈമറി തലത്തിൽ തന്നെ പഠനം നിർത്തി ഡ്രോപ് ഔട്ട് ആവുന്നവർ, അധ്യാത്മിക രംഗത്തെത്തി മനുഷ്യദൈവങ്ങളാവുകയും മേൽപറഞ്ഞ ബഞ്ചുകാരെല്ലാം ഇവരുടെ കാൽക്കീഴിൽ വീഴുകയും ചെയ്യുന്നതോടെയാണ് ഇന്ത്യയിൽ വിദ്യാഭ്യാസ ചിത്രം പൂർത്തിയാവുന്നത്.
ഇതിലെ ഫലിതപരമായ അതിശയോക്തിയും അപൂർവ്വതകളുടെ സാമാന്യവൽക്കരണവും മാറ്റി നിർത്തി ചിന്തിച്ചാൽ പോലും, വിദ്യാഭ്യാസവും ജീവിതവും തീർത്തും വിപരീതാനുപാതത്തിലല്ലെങ്കിൽ കൂടി മിക്കവാറും നേർ അനുപാതത്തിലല്ല എന്ന വസ്തുത ഇതിന്റെ പ്രചുരമായ പ്രചരണത്തിന് സഹായകമായി എന്ന കാര്യം നിഷേധിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണ്. ആ വസ്തുതകൾ ശരിയാണെന്നതിന് നമുക്ക് ആവോളം ഡാറ്റകൾ തന്നെ ലഭ്യമാകും. വിവിധ ജീവിത മേഖലകളിൽ 'ഒന്നാം റാങ്കു'കാരായവരുടെ നിരയെടുത്താലും, സാമൂഹിക നേതൃസ്ഥാനങ്ങളിൽ വിജയകരമായ പ്രകടനം കാഴ്ചവയ്ക്കുന്നവരുടെ നിരയെടുത്താലും അവരിലൊക്കെ വിദ്യാഭ്യാസ കാലത്ത് ഒന്നാം റാങ്ക് നേടിയവർ വിരലിലെണ്ണാവുന്നവരാണെന്നതിന് പ്രത്യക്ഷ നിരീക്ഷണത്തിനപ്പുറം ഒരു ഡാറ്റ അവലോകനത്തിന്റെ ആവശ്യകത ഇല്ലാത്തത്ര സ്പഷ്ടതയുണ്ട് എന്നത് ഒരു ദയനീയ യാഥാർത്ഥ്യവുമാണ്.
ഈ ഫലിതത്തിൽ വസ്തുതാപരമായ രണ്ടു കാര്യങ്ങൾ പ്രകടമാണ്. ആഗോള തലത്തിൽ തന്നെ വിദ്യാഭ്യാസവും ജീവിതവും ഇനിയും കൃത്യമായി പൊരുത്തപ്പെട്ടിട്ടില്ല എന്നതാണ് ഒന്നാമത്തെ കാര്യം. മൂല്യബോധം വിദ്യാഭ്യാസ രംഗത്തു നിന്നും ജീവിത വീക്ഷണങ്ങളിൽ നിന്നും അകന്നു തന്നെ നിൽക്കുന്നു എന്നതാണ് മറ്റൊന്ന്.
(തുടരും)
Comments
Post a Comment