പ്രണയം
എന്താണ് സത്യത്തിൽ ഈ പ്രണയം?
ശാരീരിക വളർച്ചയെത്തുമ്പോൾ, വ്യക്തികൾക്ക് പരസ്പരം തോന്നുന്ന ആകർഷണത്തിന് സാമൂഹികമായ അംഗീകാരമില്ലാത്തതിനാൽ, ആകർഷണം തോന്നിയ ആളിന്റെയെങ്കിലും അംഗീകാരം നേടിയെടുത്ത് ഒരുമിയ്ക്കാനുള്ള ശ്രമമല്ലേ അത്?
ലൈംഗിക വളർച്ചയെത്തി ശരീരം ആവശ്യത്തിനു മാംസളമായിക്കഴിഞ്ഞേ മനുഷ്യനിൽ രാഗമുണ്ടാകുന്നുള്ളു. മാംസനിബദ്ധമാണ് രാഗം. എന്നാൽ നമ്മുടെ സങ്കല്പങ്ങളെ മാത്രമാണ് നാം പ്രണയിക്കുന്നത് എന്നതിനാൽ മാംസനിബദ്ധമല്ലെന്നും പറയാം.
വംശവർദ്ധനവിനുള്ള പ്രകൃതിയുടെ ഒരു തന്ത്രമാണീ പരസ്പരാകർഷണം. (മറ്റു ജന്തുക്കൾക്ക് അതിന് ഔപചാരിക ചടങ്ങോ, കാസ്റ്റ്& /ക്ലാസ് etc പരിഗണനയോ ഇല്ല. അതു കൊണ്ട് അതവിടെ കഴിയും.)
മനുഷ്യരുടെ കാര്യത്തിൽ ആകർഷിച്ചതു കൊണ്ട് കാര്യമില്ല. സമൂഹം സമ്മതിക്കില്ല. അപ്പോ പ്രണയം പോലുള്ള പരിപാടികളുമായി ടൈം കൊറേ കളയേണ്ടി വരും. എന്നിട്ട് അതിനെ വിശുദ്ധം, ഉദാത്തം എന്നൊക്കെ പറഞ്ഞ് പോളീഷും കൂടി അടിയ്ക്കുന്നു.. എന്താലേ
ഓരോരുത്തരും അവനവനെ മാത്രമാണ് സ്നേഹിക്കുന്നത്. തന്റെ കാഴ്ചപ്പാടുകൾക്ക് ഇണങ്ങിയ ആളിൽ തന്റെ ഇഷ്ടം ആരോപിക്കുന്നു. കാഴ്ചപ്പാട് മാറുമ്പോൾ ഇഷ്ടപ്പെടുന്ന ആളെയും മാറ്റുന്നു. സിംപിൾ... :)
എല്ലാ സ്നേഹവും വൺവേ മാത്രമാണെന്നറിയുന്നർ ചുരുക്കമാണ്. ഓരോരുത്തരും അവനവന്റെ സങ്കല്പങ്ങളെ മാത്രമാണ് പ്രണയിക്കുന്നത്. എങ്കിലും പരസ്പരം സ്നേഹിക്കുന്നു എന്നവർ തെറ്റിദ്ധരിക്കുന്നു. ഭക്തർ തനിക്കുണ്ടാകുന്ന അനുഭവങ്ങൾ ഭഗവാന്റെ അനുഗ്രഹമോ പരീക്ഷണമോ ഒക്കെയാണെന്ന് കരുതുംപോലെ. മറുവശത്ത് ആരുമില്ലെങ്കിൽ പോലും മനുഷ്യന് പ്രണയിക്കാമെന്നതിന്റെ തെളിവാണ് ഭക്തി.
സൈബർ വെർച്വൽ ബന്ധങ്ങൾ ഇക്കാര്യത്തിൽ ഭക്തിയോടടുത്തു നിൽക്കുന്നതാണ്. മറുപുറത്തുള്ളയാളെ പറ്റി ധാരാളം അവ്യക്തതകളുള്ളതിനാൽ, ഈ അവ്യക്തതകളിലെല്ലാം നമ്മുടെ സകല്പങ്ങൾ നിറയ്ക്കാനാകും. യഥാർത്ഥ വ്യക്തിയേക്കാൾ സൈബർ വ്യക്തിയെ ഒരാൾക്ക് കൂടുതൽ എളുപ്പത്തിൽ പ്രണയിക്കാനാവുന്നത് ഇതുകൊണ്ടാണ്.
മറ്റേയാൾ നമ്മളെ അതേ അളവിൽ പ്രണയിക്കുന്നു എന്നത് നമ്മുടെ വെറും സങ്കല്പം മാത്രമാണ്. ഒരാളുടെ ചിന്തയെന്തെന്ന് സമീപനം കണ്ട് വിലയിരുത്തുന്നത് വിഡ്ഢിത്തമാണ്. ഹൃദയലയം കവിഭാവന മാത്രം.
ബന്ധങ്ങൾ എത്ര നേർത്തതാണെങ്കിലും അത് അതിന്റെ യഥാർത്ഥ അവസ്ഥയിൽ തിരിച്ചറിയുന്നതാണ് നല്ലത്.
അതിന് ശരിയായതും പരമാവധി ശക്തമായതുമായ കമ്യുണിക്കേഷൻ ആവശ്യമാണ്. മനസുതുറന്ന ബന്ധങ്ങളാണ് നല്ലത്. തുറന്നത് മനസു തന്നെയോ കപട മനസ്സോ എന്ന് മറ്റേയാൾക്കറിയില്ലെങ്കിലും അവനവന് അതാണ് സ്വസ്ഥത നൽകുക.
ഒപ്പം ഓർക്കണം സ്വകാര്യതയും സുതാര്യതയും ഒന്നല്ല. തന്റെയോ മറ്റുള്ളവരുടെയോ രഹസ്യങ്ങളെല്ലാം വേറൊരാളോട് തുറന്നു പറയുന്നതല്ല മനസു തുറക്കൽ. തന്റെ നിലപാടിന്റെ പ്രഖ്യാപനം മാത്രമാണ്.
സത്യത്തിൽ, തെറ്റിദ്ധാരണയില്ലാതെ ശത്രുത വച്ചു പുലർത്താൻ പോലും നല്ല കമ്യൂണിക്കേഷൻ വേണം. 😃
പ്രണയദിന ചിന്തകൾ - ശിവൻ കൊട്ടിയൂർ
https://m.facebook.com/story.php?story_fbid=575659045963479&id=100005581664146
Comments
Post a Comment