= *നിങ്ങൾ തേയ്ക്കപ്പെടുന്ന വിധം* =
= *നിങ്ങൾ തേയ്ക്കപ്പെടുന്ന വിധം* =
---- ---- ---- ---- ---- ---- ---- ---- ---- ---- ---- ---- ----
'അല്ലെങ്കിലും ഈയ്യിടെയായി ഇതിയാന് എന്നോടൊരു സ്നേഹമില്ല'
രാവിലെ സുഖായി കക്കൂസ്സില്‍ പോയതിന്റെ ആശ്വാസത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് പെമ്പറന്നോത്തി ഈയൊരു ഡയലോഗ് കാച്ചുന്നത്. അതിന്റെ ഞെട്ടലില്‍ അപ്പിയിട്ട സുഖം ആ വഴിക്ക് പോയി.
ഫേസൂക്കിലും മറ്റും കാണുന്ന പെണ്ണുങ്ങളോടൊക്കെ സോഫ്റ്റ് കോർണർ പണിയുന്ന തിരക്കിൽ ഭാര്യയുള്ള കോർണർ ശകലം ഹാർഡായിപ്പോയോ. കാപ്പി കുടിക്കുന്നതിനിടെ ഞാൻ കൂലംകഷമായിട്ട് ആലോചിച്ചു. ഒരു കാര്യത്തിൽ സമാധാനമുണ്ട്, വാക്കുകൾക്ക് ചില്ലറ മാറ്റം വരുമെങ്കിലും ഏതെങ്കിലും വഴി ഇങ്ങനൊരു ഡയലോഗ് കേൾക്കാത്ത ഭർത്താക്കൻമാർ കുറവാണ്. എന്റെ കയ്യിലിരിപ്പുകൊണ്ട് മുഖത്തടിച്ച പോലെ നേരിട്ടു കേട്ടെന്നു മാത്രം!
ബന്ധങ്ങളിൽ പ്രണയം ചോർന്നു പോകുന്നതിനെ പറ്റി താത്ത്വികമായി ചിന്തിക്കാൻ നമുക്ക് പറ്റിയ സമയമിതാണ്. ഇൻട്രോ സ്വല്പം ജീവിത'ഗന്ധി'യായത് കാര്യമാക്കണ്ട.
പ്രണയത്തെ പറ്റി പറയുമ്പോ, നമ്മളീ സ്നേഹം, ഇഷ്ടം തുടങ്ങിയ വാക്കുകളൊക്കെ ഒരേ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത് എന്നൊരു കുഴപ്പമുണ്ട്. എന്നാൽ ഇത് വേറെ ഒരു തരത്തിൽ കൂടി വ്യാഖ്യാനിക്കാം. സ്നേഹവും ഇഷ്ടവും നേരെ വിപരീത അർത്ഥത്തിൽ വരുന്നത് അപ്പോൾ കാണാം.
ഉദാഹരണത്തിന്, ഒരുപാടിഷ്ടമുള്ള ഒരു പൂവ് കണ്ടാൽ നമ്മളെന്തു ചെയ്യും? ചിലരതെടുത്ത് മുടിയിൽ കുത്തുന്നൂ, ചിലര് ഫ്ലവർവേയ്സിൽ വയ്ക്കുന്നു, ചിലര് മാലകെട്ടാനോ പൂക്കളമിടാനോ മറ്റെന്തെങ്കിലും അലങ്കാരങ്ങൾക്കു വേണ്ടിയോ എടുക്കുന്നൂ. (ചെമ്പരത്തിപ്പൂവാണെങ്കിൽ ചിലര് ചെവീൽ തിരുകുന്നതും കാണാം). ആകെ ജഗപൊഗ. ചുരുക്കത്തിൽ എന്തിനായാലും ആദ്യം നമ്മൾ ചെടിയിൽ നിന്ന് പൂവ് നുള്ളിയെടുത്ത് നമ്മുടെ സ്വന്തമാക്കും, എന്നിട്ട് നമ്മുടെ താത്പര്യത്തിനനുസരിച്ച് ഉപയോഗിക്കും.
എന്നാൽ, ആ പൂവിനോട് ഇഷ്ടത്തിനു പകരം നമുക്കുള്ളത് സ്നേഹമാണെങ്കിലോ? ഇഷ്ടവും സ്നേഹവും തമ്മിലെ വ്യത്യാസം ദിവിടാണ്; ഒരു സംഗതിയെ സ്നേഹിക്കുമ്പോൾ നമുക്കായല്ല, നാം സ്നേഹിക്കുന്നതിന്റെ അഭിവൃദ്ധിക്കായാണ് നമ്മൾ ശ്രദ്ധിക്കുക. ആ പൂവ് ഇറുത്തെടുക്കുന്നതിനു പകരം ആ ചെടിക്ക് വെള്ളമൊഴിച്ച് കൊടുക്കാനാവും നമ്മള് ശ്രമിക്കുക. ചെടിക്ക് വളം ഇട്ടു കൊടുക്കുക, വളർച്ചയെത്താത്ത ചെടിയാണെങ്കിൽ കന്നുകാലികൾ കടിച്ചുപറിക്കാതെ ചുറ്റും കമ്പുകൾ നാട്ടി സംരക്ഷിക്കുക അങ്ങനെയൊക്കെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതൊക്കെ ചെയ്യുന്നത് നമുക്ക് സന്തോഷകരമായ കാര്യവുമാണ്. ആ ചെടി സമൃദ്ധമായി വളർന്ന് ധാരാളം പൂക്കൾ ഉണ്ടാകണമെന്നാണ് അപ്പോൾ നമ്മൾ ആഗ്രഹിക്കുക. അതിന്റെ സൗന്ദര്യവും സൗരഭ്യവും നമുക്കും മറ്റ് എല്ലാവർക്കും ആനന്ദം നൽകുന്നുമുണ്ട്.
അപ്പോ എന്താണ് വ്യത്യാസം? ഇഷ്ടം ഒന്നിനെ നമ്മുടേതാക്കാൻ ശ്രമിക്കുന്നു, നമ്മുടെ സ്വാർത്ഥതയെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. സ്നേഹമാകട്ടെ നിസ്വാർത്ഥതയാണ്. നമ്മൾ ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ അങ്ങോട്ട് സമർപ്പിക്കുകയാണവിടെ. (ഇങ്ങോട്ടു പലതും പ്രതീക്ഷിച്ച് അങ്ങോട്ടു സഹായിക്കുന്നത് സ്നേഹമല്ല, സ്നേഹത്തിന്റെ മേലങ്കിയണിഞ്ഞ തികഞ്ഞ സ്വാർത്ഥതയാണ്.)
ഇഷ്ടമാണുള്ളതെങ്കിൽ നമ്മളിഷ്ടപ്പെടുന്നയാളെ നമ്മുടെ ആവശ്യത്തിനുള്ള ഒരു വസ്തുവായി നാം കാണുന്നു. വ്യക്തിയാണെങ്കിൽ കൂടി ഒരു വസ്തുവെ പോലെ സ്വന്തമാക്കി അഭിമാനിക്കാനുള്ള പൊസസീവ്നസ് ആണ് നമുക്കുള്ളത്. 'എന്നോടിഷ്ടമുണ്ടെങ്കിൽ ഞാൻ പറയുന്ന ഡ്രസിട്ട് നീ വരണം' എന്നൊക്കെ വിരട്ടുന്നത് ഇത്തരം പൊസസീവ്നസ് കൊണ്ടാണ്. സ്നേഹമാണെങ്കിൽ ആ വ്യക്തിയെയും അവരുടെ വ്യക്തിത്വത്തെയും താൽപര്യങ്ങളെയും ഒക്കെ നമ്മൾ മാനിക്കുന്നു. സ്നേഹിക്കുന്നത് ഒരു വസ്തുവിനെയാണെങ്കിൽ പോലും വ്യക്തിതുല്യം അതിനെ മാനിക്കുന്നു.
ഇനി സത്യസന്ധമായി ആലോചിച്ചു നോക്കണം, നമ്മുടെ പ്രണയം ഇഷ്ടമാണോ സ്നേഹമാണോ എന്ന്. ഇഷ്ടമാണെങ്കിൽ കരുതിയിരിക്കുക, വലിയ അപകട സാധ്യതയുണ്ട്. വലിയ വില കൊടുക്കേണ്ടി വരും!
അപകടം എന്താണെന്നു പറയാം. അതിനു മുമ്പേ കുറച്ച് ശാസ്ത്രം പറയാം. പ്രണയവും ശകലം ശാസ്ത്രീയമായിക്കോട്ടെ. പ്രണയത്തിനു പിന്നിലെ രാസവസ്തുവായി അറിയപ്പെടുന്ന സംഗതിയാണ് 'ഡോപാമിൻ'. നമ്മുടെ തലച്ചോറിലെ ഒരു ന്യൂറോട്രാൻസ്മിറ്ററാണ് ഈ 'ഡോപാമിൻ'. നമുക്ക് എന്തെങ്കിലും കാര്യത്തിൽ ആനന്ദം ഉണ്ടാകുന്നുണ്ടെങ്കിൽ ആ ആനന്ദാനുഭവം സമ്മാനിക്കുന്നത് ഈ ഡോപാമിന്റെ പ്രവർത്തനം മൂലമാണ്. (ഓക്സിടോക്സിനെ പോലെ മറ്റു ചില ചങ്ങാതിമാർ കൂടി ഇതിലൊക്കെയുണ്ട്. എല്ലാരേം ഇങ്ങോട്ട് കൊണ്ടുവന്ന് കൺപൂഷനാക്കേണ്ടതില്ലല്ലോ)
വെള്ളം നിറഞ്ഞ പാത്രത്തിൽ ഒരു കല്ല് വന്നു വീഴുമ്പോൾ അതു തുളുമ്പിയൊഴുകും പോലെ, നമുക്ക് പ്രണയം തോന്നുന്ന ആളിന്റെ സാന്നിധ്യം തലച്ചോറിലെ സബ്സ്റ്റാൻഷ്യ നിഗ്ര എന്ന ഭാഗത്ത് ഒരു ഉത്തേജനം സൃഷ്ടിക്കുമ്പോൾ അവിടെ നിന്ന് ന്യൂക്ലിയസ് അക്യുംബൻസ് എന്ന ഭാഗത്തേക്ക് ഡോപാമിൻ പ്രവഹിക്കുന്നു. ഈ പ്രവാഹം നമുക്ക് അതിയായ ആനന്ദം നൽകുന്നു.
പ്രണയത്തിൽ മാത്രമല്ല, ലഹരി ഉപയോഗിക്കുമ്പോഴും, മൊബൈൽ ഗെയിമുകൾ കളിക്കുമ്പോഴും ഈ ഡോപാമിൻ പ്രവാഹം തലച്ചോറിൽ ഉണ്ടാകുന്നുണ്ട്. അതാണ് ഈ കാര്യങ്ങൾ നമുക്ക് ഒരു പ്രത്യേക അനുഭൂതി നൽകുന്നത്. ന്യൂക്ലിയസ് അക്യുംബൻസിലേക്കുള്ള ഡോപാമിൻ പ്രവാഹം വീണ്ടും വീണ്ടും ഉണ്ടാകണമെന്ന പ്രേരണ അമിഗ്ദല എന്ന ഭാഗം നൽകിക്കൊണ്ടിരിക്കും. അത് ലഹരിയുടെ അടിമത്തത്തിലേക്ക് നമ്മളെ നയിക്കുന്നു. കമിതാവുമായുള്ള സമാഗമം വീണ്ടും വീണ്ടും ഉണ്ടാവാൻ പ്രേരിപ്പിക്കുന്നു. ഗെയിമുകൾ ഇനിയുമിനിയും കളിക്കാൻ നാം താത്പര്യപ്പെടുന്നു. ഇവ കിട്ടാതെ വന്നാൽ ഡോപാമിൻ ഉത്പാദിപ്പിക്കാതെ വരും. അപ്പോൾ നമ്മൾ വല്ലാത്ത വിഷാദത്തിലേക്കും അസ്വസ്ഥതയിലേക്കും വീഴും.
പക്ഷേ, ഈ ഡോപാമിന് ഒരു കുഴപ്പമുണ്ട്. നമുക്ക് ആനന്ദം നൽകുന്ന സംഗതി എന്തായാലും, കമിതാവോ ലഹരിവസ്തുവോ ഗയിമോ എന്തു തന്നെയായാലും, പുറമെ നിന്നുള്ള ഒരു ഉത്തേജനം കൊണ്ട് ഡോപാമിനെ ഉത്പാദിപ്പിക്കാൻ ആറു മാസത്തിൽ കൂടുതൽ സാധ്യമല്ല. വീണ്ടും വീണ്ടും അതേ സംഗതി തന്നെ വരുമ്പോൾ, 'നമ്മള് ഈ സീനൊക്കെ പണ്ടേ വിട്ടതാ' എന്ന ഭാവത്തിൽ സബ്സ്റ്റാൻഷ്യ നിഗ്ര മൈന്റ് ചെയ്യാതെ നിൽക്കും. ഡോപാമിൻ പ്രവാഹം ഉണ്ടാവുകയില്ല. ഇത് വ്യക്തിഗതമായി അല്പം വ്യത്യാസപ്പെട്ടിരിക്കാം. ചിലർക്ക് രണ്ടോ മൂന്നോ മാസം മാത്രമേ കാണൂ. ചിലർക്ക് എട്ടൊമ്പത് മാസത്തേക്ക് നീണ്ടു നിൽക്കാം.
സ്ഥിരം മദ്യപിക്കുന്ന ആളുകളെ നോക്കിയാൽ കാണാം, ആദ്യം ഒരു പെഗ്ഗിൽ കിക്കായ ആൾക്ക് പിന്നീട് രണ്ടും മൂന്നുമായി അളവ് കൂട്ടേണ്ടി വരുന്നത്. ഒടുവിൽ അഡിക്ഷനായി കഴിയുമ്പോൾ മദ്യപിക്കുന്നതിൽ ഒരു രസവും കണ്ടെത്താനാവുന്നില്ലെങ്കിലും ശരീരത്തിന്റെ പ്രേരണ കൊണ്ടു മാത്രം വെറുതെ ബോധംകെടാൻ വേണ്ടി മദ്യപിക്കുന്ന അവസ്ഥയിലെത്തുന്നു.
ഇതുപോലെയാണ്, 'തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി
കട്ടെടുത്തു പറക്കാൻ കൊതിയായി' എന്നു പറഞ്ഞു നടക്കുന്ന പ്രണയികളുടെയും അവസ്ഥ. ആ ആളുടെ ഒരു സാന്നിധ്യമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാണ് ആദ്യം അതിയായി ആഗ്രഹിക്കുന്നത്. 'ഒരു ചിരി കണ്ടാൽ ഒളി കണ്ടാൽ അതു മതി' എന്ന ചിന്തയിലാണു തുടക്കം. പിന്നെ ഒന്നു തൊട്ടാൽ മതി. പിന്നെപ്പിന്നെ ഒന്നു കെട്ടിപ്പിടിച്ചാൽ മാത്രം മതിയെന്നാവും. പിന്നെ ഒരുമ്മ.. ഒറ്റയൊരുമ്മ മാത്രം മതി. പിന്നെ... പിന്നെ 'ലതു'മതി.
കാണാതിരുന്നാലോ, 'അവളെക്കാണാഞ്ഞു ഞാൻ
ദുഃഖിച്ചിരിക്കവേ,
അവളുടെ ചേട്ടന്റെ
അമ്മായിയപ്പന്റെ
അളിയന്റെ മരുമോന്റെ
പുരപണിയാനിട്ട
അരലോഡു മണൽ കണ്ടു
തൃപ്തനായി' എന്നു പറഞ്ഞതു പോലെ എന്തിലെങ്കിലും സമാധാനം കണ്ടെത്താൻ ശ്രമിക്കും.
'ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ
വരുന്നതെല്ലാം അവനെന്നു തോന്നും;
ഒരുത്തിയെ തന്നെ നിനച്ചിരുന്നാൽ
വരുന്നതെല്ലാം അവൾടപ്പനെന്നും!' എന്നാണ് പണ്ഡിതമതം. ഇങ്ങനെ പലപല പ്രതീക്ഷകളും ആശങ്കകളും നിറഞ്ഞതാണ് പ്രണയകാലം.
പക്ഷേ, ഈ അഞ്ചാറ് മാസം സ്വപ്നം കാണുന്ന വേഗത്തിൽ പാട്ടുംപാടി കടന്നു പോകും. പിന്നീട് ഈ പ്രണയ സാന്നിധ്യത്തിന് തലച്ചോറിൽ ഒരു ഓളവും ഉണ്ടാക്കാൻ പറ്റാതാവും. അതെ, ഡോപാമിന്റെ പ്രവർത്തനം നിലക്കും. പിന്നെ പ്രണയത്തിന്റേതായ ആനന്ദവുമില്ല ഒരന്തവുമില്ല.
സ്വാഭാവികമായും ആദ്യം താത്പര്യം നഷ്ടപ്പെടുന്ന ആൾ പുതിയ താത്പര്യങ്ങൾ തേടി പുതിയ മേച്ചിൽപുറങ്ങളിലേക്ക് സഞ്ചരിക്കും. അതുവരെ പാട്ടുംപാടി നടന്ന മറ്റേ ചങ്ങാതി മണ്ണും ചാരിനിന്ന് കണ്ണീർ തൂവുന്നതു കണ്ട് നമ്മൾ കാര്യമന്വേഷിക്കും. 'തേച്ചെടാ എന്നെ തേച്ച്' - ചങ്ങാതി ഏങ്ങലടിക്കും.
എന്താണു സംഭവിച്ചത്? ആ കേന്ദ്രത്തിൽ നിന്നുള്ള ചോദന കൊണ്ടുള്ള ഡോപാമിന്റെ പ്രവർത്തനം നിലച്ചു. സംപ്രേഷണം തീർന്നു. ഇഷ്ടത്തിന് കാലപരിമിതിയുണ്ട്. ഇല്ലെങ്കിൽ രണ്ടാളിലും ഇങ്ങോട്ട് കിട്ടാൻ എന്തെങ്കിലും സ്വാർത്ഥ ലക്ഷ്യം ബാക്കിയുണ്ടാകണം. അതു കിട്ടുംവരെ, കുറച്ചു കാലം കൂടി പ്രണയം നീണ്ടു നിൽക്കും. അതുകൂടി കിട്ടിയാൽ ഇതേ അവസ്ഥ പിന്നെയും വന്നു കൂടും.
പല ആണുങ്ങളും പെൺശരീരങ്ങളെയാണ് കാമിയ്ക്കാറുള്ളത്. ലൈംഗിക ബന്ധം നടന്നാൽ കാമുകന്റെ 'ലക്ഷ്യം' പൂർത്തിയായി. പിന്നെ എങ്ങനെയും പൊടിതട്ടി പോവുകയാണ് ചിലരുടെ രീതി. സ്ത്രീകൾ പുരുഷനിൽ നിന്ന് കെയറിങ് ഉൾപ്പെടെ പലതും പ്രതീക്ഷിക്കുന്നു. ആദ്യത്തെ കമ്പം മാറിയാൽ, ഇതിലും മെച്ചപ്പെട്ട കെയറിങ്ങും മറ്റും വേറെ കിട്ടുമെങ്കിൽ അതായാലും മതിയാകും അവർക്കും 'പൊടിതട്ടാൻ'.
ചില നവദമ്പതികളെ കാണാറില്ലേ? ഒരു നിമിഷം പോലും വിട്ടുമാറി നിൽക്കാൻ അവർക്കു ബുദ്ധിമുട്ടാണ്. രണ്ടു പേരും രണ്ടിടത്തായാൽ ഒരേ ഫോൺ വിളിയായിരിക്കും. സമയത്ത് വിളി വന്നില്ലെങ്കിൽ വല്ലാത്ത ഒരു വിങ്ങലാണ്. ചിലർ വിവാഹനിശ്ചയം മുതലേ വിളി തുടങ്ങും. നിശ്ചയത്തിന് വിരലിൽ മോതിരമണിയിക്കുന്നതിനൊപ്പം കയ്യിലൊരു സ്മാർട്ഫോണുകൂടി കൊടുക്കുന്നതാണ് പുതിയ ആചാരം.
ഹണിമൂൺ ടൂറും ആഘോഷങ്ങളുമൊക്കെയായി ഒരു അഞ്ചാറു മാസമങ്ങു കഴിയുന്നതോടെ എല്ലാ വിറയലും നിൽക്കും. പിന്നെ ഭർത്താവിന് വന്നത് ഭാര്യയുടെ കോളാണോ എന്ന് കൂടെയുള്ളവർക്ക് പെട്ടെന്നു മനസിലാകും. രണ്ടോ മൂന്നോ മൂളൽ, ഒരു അമറൽ, കഴിഞ്ഞു. ഫോൺ കട്ടുചെയ്തിട്ടുണ്ടാകും.
എന്താണ് സംഗതി? അതുതന്നെ. ഇണയുടെ സാന്നിധ്യത്തിൽ നിന്ന് ഡോപാമിൻ ഉണ്ടാവുന്നില്ല. താത്പര്യം നശിച്ചു കഴിഞ്ഞു. ഇതൊന്നും ഒരു കുറ്റമായി കാണരുത്. സ്വാഭാവികമായി സംഭവിക്കുന്നതാണ് ഇതൊക്കെ. കാരണം ആ പ്രണയങ്ങൾ സ്നേഹമായിരുന്നില്ല. ഇഷ്ടം മാത്രമായിരുന്നു. ഇഷ്ടത്തെ സ്നേഹത്തിലേക്ക് പരിവർത്തനം ചെയ്യാൻ അവർക്കു പറ്റിയില്ല, അതുതന്നെ.
ഇഷ്ടത്തിൽ നമുക്ക് പുറത്തുള്ള സംഗതിയാണ് ആനന്ദത്തിന് ഹേതു. പക്ഷേ, സ്നേഹത്തിൽ ആന്തരികമായ ചോദനയാണ് ആനന്ദത്തെ പ്രദാനം ചെയ്യുന്നത്. അതിന് കാലപരിമിതിയില്ല. അതിൽ ആരും തേയ്ക്കപ്പെടുന്നില്ല. തേയ്ക്കാൻ ആർക്കും സാധിക്കുകയുമില്ല.
നമ്മുടെ പ്രണയങ്ങളെ ഒന്നുകൂടി നിരീക്ഷിക്കാം, അത് ഇഷ്ടമാണോ സ്നേഹമാണോ... ഇഷ്ടമാണെങ്കിൽ അതിനെ സ്നേഹത്തിലേക്ക് പരിവർത്തനം ചെയ്താൽ ഒരു ആയുഷ്ക്കാല സൗഹൃദം സൃഷ്ടിക്കാം. ആനന്ദകരമായ സൗഹൃദം.
- ശിവൻ കൊട്ടിയൂർ
(കടപ്പെട്ടവർ: ഡോ.മധുജൻ, ടി.കെ.ബാഹുലേയൻ, ടി.എസ്.സൂരജ്.
ചിത്രം: wallimpex.comൽ നിന്ന്)
https://m.facebook.com/story.php?story_fbid=950974628431917&id=100005581664146
Comments
Post a Comment