*വിദ്യാഭ്യാസ പദ്ധതി: ഉദാത്ത ദർശനങ്ങളും പ്രായോഗിക യാഥാർത്ഥ്യങ്ങളും* (ഭാഗം 7,8,9,10)
7. വൈകാരിക സംതുലന ശേഷിയും ജീവിത വിജയവും
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കൈവയ്ക്കാൻ പറ്റാത്ത മേഖലയാണ് വൈകാരിക രംഗം എന്നു സൂചിപ്പിച്ചു കഴിഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ അറിവുകൾ കുത്തിനിറച്ച ഒരു സഞ്ചരിക്കുന്ന വിക്കിപ്പീഡിയ ആവുകയല്ല പഠിതാവ് ചെയ്യേണ്ടത്. അറിവുകൾ കൈയ്യെത്തും ദൂരത്ത് ലഭ്യമാണ്. വിവേകത്തോടെ അവയെ ഉപയോഗപ്പെടുത്താനുള്ള തെരഞ്ഞെടുക്കൽ ശേഷി, ഇച്ഛാശക്തി, വൈകാരിക സംതുലന ശേഷി എന്നിവയാണ് പഠിതാവിൽ വളർത്തിയെടുക്കേണ്ടത്. സ്വന്തം വികാരങ്ങളുടെ മേൽ നിയന്ത്രണം നേടുന്നവർക്കേ ജീവിത വിജയം സാധ്യമാകൂ. എന്നാൽ അത്തരത്തിലൊരു വിദ്യാഭ്യാസം നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നിട്ടില്ല. തൊട്ടതിനും പിടിച്ചതിനും ആത്മഹത്യ ചെയ്യുന്നവരായി കുട്ടികൾ മാറിക്കഴിഞ്ഞു. പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ആത്മഹത്യയും നാടുവിടലുമെല്ലാം. അതിന് കൗൺസലിങ്ങിലൂടെ പരിഹാരം കാണാനാണ് നാം ശ്രമിക്കുന്നത്. ഒളിച്ചോട്ട പ്രവണത ഉള്ളവരെ തത്ക്കാലത്തേക്ക് അല്പം ബലപ്പെടുത്താൻ കൗൺസലിങ്ങിനു സാധിച്ചേക്കാം. എന്നാൽ നമുക്കതു മാത്രമല്ല വേണ്ടത്. എല്ലാ പഠിതാക്കളുടെയും വൈകാരിക ശേഷിയെ വർധിപ്പിക്കുന്ന പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാകണം. ഇപ്പോൾ തന്നെ ആഗോളതലത്തിൽ വൻ കമ്പനികൾ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിൽ ഇമോഷണൽ ഇന്റലിജൻസിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. നിർമ്മിത ബുദ്ധിയുടെ സ്വാധീനം വർധിക്കുന്നതോടെ സർഗാത്മകതക്കൊപ്പം ഇമോഷണൽ ഇന്റലിജൻസിനും വലിയ പ്രാധാന്യം കൈവരും.
തൊഴിൽ സാധ്യതയ്ക്കു മാത്രമല്ല, അതിജീവനത്തിനും വൈകാരിക സംതുലന ശേഷി അവശ്യഘടമാണ് എന്നിരിക്കെ പുതിയ കാലത്തിന്റെ പാഠ്യപദ്ധതിയിൽ അതിന് അർഹമായ പ്രാധാന്യം നൽകിയേ തീരൂ. നിലവിൽ, യോഗ, ധ്യാനം മുതലായവയാണ് വൈകാരികവും മാനസികവുമായ പരിശീലനത്തിന് നിർദ്ദേശിച്ചിട്ടുള്ളത്. യോഗ, ധ്യാനം മുതലായവക്ക് വൈകാരിക സംതുലന ശേഷി വളർത്താനുള്ള കഴിവുണ്ടോ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നാണറിവ്. മാത്രമല്ല, പാഠ്യപദ്ധതിയിൽ മുഴുവനായി തന്നെ ലീനമായി വരേണ്ട ഒന്നാണ് വൈകാരിക സംതുലന ശേഷി വളർത്തൽ പ്രക്രിയ. അതിനായി പ്രത്യേക പരിശീലനവും വേണ്ടതുണ്ട്. ഇക്കാര്യത്തിൽ പഠനങ്ങളും നടക്കേണ്ടതുണ്ട്.
8. ബഹുതര ബുദ്ധിയും ആവശ്യങ്ങളുടെ ശ്രേണിയും.
ഹോവാർഡ് ഗാർഡ്നറുടെ ബഹുതരബുദ്ധി സിദ്ധാന്തത്തെ പറ്റി മുൻപു സൂചിപ്പിച്ചു. മനുഷ്യർക്ക് ഗണിതപരവും യുക്തിചിന്താപരവുമായ ബുദ്ധി മാത്രമല്ല ഉള്ളതെന്ന് ഗാർഡ്നർ സിദ്ധാന്തിച്ചു. സംഗീതപരമായ ശേഷിയും ബുദ്ധിയുടെ ഒരു മേഖല തന്നെയാണ്. ഭാഷാ ശേഷിയും അങ്ങനെ തന്നെ. അത്തരത്തിൽ ഒൻപതു വിധം ബൗദ്ധിക ശേഷികളെ പറ്റി ഗാർഡ്നർ തന്റെ കണ്ടെത്തലിൽ പരാമർശിക്കുന്നു. എന്നാൽ ഒരു പത്തുപതിനഞ്ചു വർഷം മുൻപു വരെ നമ്മുടെ വിദ്യാലയങ്ങളിൽ ഗണിതപരമായ ബുദ്ധിയുള്ള പഠിതാക്കളെ മാത്രമേ ബുദ്ധിയുള്ള കുട്ടികളായി കണക്കാക്കിയിരുന്നുള്ളു. മാത്രമല്ല, അടുത്ത കാലത്ത് ഒരല്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി, ഗണിതപരമായ ബുദ്ധിയും ഓർമ്മശക്തിയുമുള്ള ഒരു വിദ്യാർത്ഥിക്ക് എല്ലാ ഔപചാരിക പഠനവിഷയങ്ങളിലും ഒന്നാം സ്ഥാനം (ഫുൾ എ പ്ലസ്) നേടാമെന്നതാണ് അവസ്ഥ. പത്ത് ഔപചാരിക പഠനവിഷയങ്ങളാണ് നമുക്കുള്ളത്. ഗണിതപരമായ ബുദ്ധിയുള്ള കുട്ടിയെ സംബന്ധിച്ച് കണക്കിന് എ പ്ലസ് നേടുന്നതിന് ഒരു പ്രയാസവുമില്ല. ഗണിതമാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനം. ഗണിതപരമായ ബുദ്ധിയുള്ള കുട്ടിക്ക് മൂന്ന് സയൻസ് വിഷയങ്ങളിലും മികച്ച ഗ്രേഡ് നേടുന്നതിനും ബുദ്ധിമുട്ടില്ല. പിന്നെയുള്ളത് ഭാഷാ വിഷയങ്ങളാണ്. ഭാഷയിൽ പ്രായോഗികമായ പ്രാവീണ്യം നേടുന്നതിനേക്കാൾ ഭാഷയുടെ വ്യാകരണം പഠിക്കുന്നതിനും സാഹിത്യം പരിചയപ്പെടുന്നതിനുമാണ് പാഠ്യപദ്ധതി ഊന്നൽ നൽകുന്നത് (ഇക്കാലത്ത് ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്) ഭാഷാ വ്യാകരണം ഗണിതപരമായ ഒരു ഘടനാ നിർമ്മിതിയാണ്. വാക്കുകൾ കൊണ്ട് നമ്മെ ചിരിപ്പിക്കുകയും കരയിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത വൈക്കം മുഹമ്മദ് ബഷീർ ഭാഷാപരമായി ഉയർന്ന ബൗദ്ധിക ശേഷി പുലർത്തിയ വ്യക്തിയായിരുന്നു. എന്നാൽ, ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന രീതിയിൽ പ്രകൃതി നിരീക്ഷണത്തിലൂടെ അദ്ദേഹം നിർമ്മിച്ചെടുത്ത അറിവ് ഗണിതത്തിന്റെ മാപന മേഖലക്ക് പുറത്തുള്ള നിർമ്മിതിയായിരുന്നു. ആഖ്യയും ആഖ്യാതവും അറിയാത്ത ആളെന്ന പഴി തന്റെ സഹോദരനിൽ നിന്നു ബഷീറിനു കേൾക്കേണ്ടി വന്നത് ഭാഷാവ്യാകരണം തനിക്കു വഴങ്ങാത്ത ഗണിതഘടനയോടു കൂടിയതായതിനാലാണ്. അതേസമയം, ഗണിതപരമായ ബുദ്ധിയുള്ള കുട്ടി മൂന്നു ഭാഷാ വിഷയങ്ങളിലും ഉയർന്ന സ്കോർ നേടുന്നു. പിന്നെയുള്ള ചരിത്രമുൾപ്പെടെയുള്ള മാനവിക വിഷയങ്ങളിലാകട്ടെ, രാജാക്കൻമാരുടെ ഭരണ കാലഘട്ടവും മഹായുദ്ധങ്ങളുടെ കാരണങ്ങളും പോലുള്ള ഡാറ്റകളും ദീർഘലേഖനങ്ങളും കാണാപ്പാഠം പഠിക്കാനുള്ള ശേഷിയുണ്ടെങ്കിൽ മാത്രം ഏ പ്ലസ് ഗ്രേഡ് ലഭിക്കാൻ മതിയാകും. ചുരുക്കത്തിൽ, ഒമ്പത് ബുദ്ധി മേഖലകളിൽ ഒന്നു മാത്രമുള്ള പഠിതാവിന് പത്തു വിഷയങ്ങളിലും ഏ പ്ലസ് ലഭിക്കാവുന്ന വിധമാണ് നിലവിലെ വിദ്യാഭ്യാസ പദ്ധതി സംവിധാനം ചെയ്തിട്ടുള്ളത്.
ഗാർഡ്നറുടെ സിദ്ധാന്തമനുസരിച്ചുള്ള ബൗദ്ധിക വൈവിധ്യങ്ങളെ കണ്ടെത്തി അതനുസരിച്ച് ഓരോ പഠിതാവിലുമുള്ള കഴിവുകളെ വികസിപ്പിക്കാൻ പുതിയ നയമനുസരിച്ചുള്ള വിദ്യാഭ്യാസ പ്രക്രിയക്ക് സാധിക്കുമെങ്കിൽ കേവലം വിദഗ്ധ തൊഴിലാളി നിർമ്മാണമെന്ന തലത്തിൽ നിന്ന് വളരാൻ അതിനു സാധിക്കും. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നാണെന്ന അറിവു നിർമ്മിക്കുന്ന പഠിതാവിനെ വളർത്തിയെടുക്കണമെങ്കിൽ, ആ അറിവു നിർമ്മാണ പ്രക്രിയയെ തിരിച്ചറിയാനും മൂല്യനിർണ്ണയം നിർവ്വഹിക്കാനും ശേഷിയുള്ള അധ്യാപകരും ഉണ്ടാകേണ്ടതുണ്ട്. അതാണ് കാലഘട്ടം നേരിടുന്ന വെല്ലുവിളി. പുതിയ നാലുവർഷ അധ്യാപക പരിശീലന പരിപാടിയിലൂടെ ഇത്തരം പ്രാപ്തി നേടിക്കൊടുക്കാൻ സാധിക്കുമെങ്കിൽ മാത്രമേ ഈ പദ്ധതിയിലൂടെ എന്തെങ്കിലും ഗുണഫലങ്ങൾ ഉത്പാദിപ്പിക്കാനാവൂ.
സ്വന്തം ബൗദ്ധിക മേഖലകളെ പോഷിപ്പിക്കുന്ന പഠനരീതി, മാനവിക ചിന്തകനായ അബ്രഹാം മാസ്ലോ മുന്നോട്ടുവച്ച മനുഷ്യാവശ്യകതകളുടെ ശ്രേണിയിലെ (ഹൈറാർക്കി ഓഫ് നീഡ്സ്) ഉന്നത തലത്തിലേക്ക് നയിക്കാനും വ്യക്തിയെ പ്രാപ്തനാക്കും. സ്വന്തം അഭിരുചിയിലും നൈപുണിയിലും അധിഷ്ഠിതമായ മേഖലയിൽ പ്രവർത്തിക്കുന്നവർ ആ മേഖലകളിൽ സർഗ്ഗാത്മകത കൊണ്ടുവരുന്നത് സാധാരണയായി കാണാൻ സാധിക്കും. ഇത് അവർക്ക് സമ്പത്ത്, സുരക്ഷിതത്വം, സാമൂഹികാംഗീകാരം, ആത്മാവിഷ്ക്കാര ധന്യത തുടങ്ങിയവ നൽകുന്നു എന്നതും സുവ്യക്തമാണ്. ഇത് വിദ്യാഭ്യാസത്തെ ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്നതിനും ജീവിതാവശ്യങ്ങളെ ഫലപ്രദമായി നിറവേറ്റുന്നതിനും പ്രാപ്തി നൽകുന്നു. തൊഴിൽ പരിശീലനത്തിനപ്പുറം പുതിയ നയം ഇത് എത്രത്തോളം ഉൾക്കൊള്ളുന്നു എന്നും പ്രാവർത്തികമാക്കുന്നു എന്നതും കണ്ടറിയേണ്ടതുണ്ട്.
9. അറിവും പഠനച്ചെലവും
പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ശുപാർശ ചെയ്യുന്നു എന്നത് NEP 2020 ന്റെ വലിയ മെച്ചമാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് അഫിലിയേറ്റഡ് കോളേജുകൾ ഇല്ലാതാകുന്നതോടെ ഭൂരിപക്ഷം പേരുടെയും ഉപരിപഠനം സ്വയംഭരണ കോളേജുകളെ ആശ്രയിച്ചായിരിക്കാം.പഠന ചെലവ് സാധാരണക്കാർക്ക് താങ്ങാനാവണമെന്നില്ല. ദരിദ്രകോടികളുടെ ഈ രാജ്യത്ത്, ഉപരിപഠനം സമ്പന്നരായ ഒരു ന്യൂനപക്ഷത്തിനും മിടുമിടുക്കരായ ഒരു അതിന്യൂനപക്ഷത്തിനും മാത്രം ലഭ്യമാകുന്ന അവസ്ഥ സംജാതമാകും. ഫീസ് ഘടന സർക്കാർ നിയന്ത്രണത്തിലായിരിക്കും എന്നെല്ലാം പറയുന്നുണ്ടെങ്കിലും സാധാരക്കാർക്ക് അത് എത്രത്തോളം സഹായകരമായിരിക്കും എന്നു പ്രവചിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള കിടമത്സരം മൂലം ഫീസ് നിരക്ക് കുറഞ്ഞേക്കാമെങ്കിലും റിലയൻസ് പോലുള്ള ഏതെങ്കിലും കുത്തക ഭീമൻ ഉന്നത വിദ്യാഭ്യാസ രംഗം കയ്യടക്കുന്നതോടെ അത്തരം കമ്പനികളുടെ മോണോപൊളി ഫീസ് നിരക്ക് കുത്തനെ ഉയരാൻ കാരണമാകാം. കോർപ്പറേറ്റുകളുടെ മേൽ സർക്കാരുകൾക്കുള്ള നിയന്ത്രണം സാധാരണക്കാരുടെ പ്രതീക്ഷക്കൊത്തുയർന്ന ചരിത്രമില്ല താനും.
അതേസമയം, നിർത്തിവച്ചയിടത്തു നിന്ന് തുടർ പഠനം ഏതു കാലത്തും സാധ്യമാകും എന്നത് പ്രതീക്ഷ നൽകുന്നതാണ്. ദരിദ്ര ചുറ്റുപാടുകൾ മൂലം, ആഗ്രഹവും കഴിവുമുണ്ടെങ്കിലും തുടർപഠനം സാധ്യമാകാതെ തൊഴിൽ രംഗത്ത് സ്വയം ഹോമിക്കേണ്ടി വരുന്നവർക്ക് സാമ്പത്തിക നില മെച്ചപ്പെടുന്ന മുറയ്ക്ക് ഇഷ്ട മേഖലകളിൽ പഠനം തുടരാമെന്നത് നല്ല കാര്യമാണ്. എന്നാൽ എത്ര പേർക്ക് അത്തരത്തിൽ മുറിഞ്ഞ കണ്ണികൾ കൂട്ടിയോജിപ്പിക്കാനാകും എന്ന ചോദ്യം അവശേഷിക്കുന്നു. മറ്റൊന്ന് അത്തരത്തിൽ പിൽക്കാലത്ത് മികവു പ്രകടിപ്പിക്കുന്നവർക്ക് ജീവിത വേദിയിൽ അതു പ്രയോഗിക്കാൻ അവസരം ലഭ്യമാകുമോ എന്നതാണ്. നമ്മുടെ നാട്ടിൽ 36 - 40 വയസോടെ സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യതകൾ അടയുന്നു. സ്വകാര്യ സ്ഥാപനങ്ങളാകട്ടെ യുവാക്കളെയാണ് തേടുന്നത്. എന്നാൽ, പല വികസിത രാജ്യങ്ങളിലും വിവിധ മേഖലകളിലെ ജീവിതയോധനത്തിന്റെ അനുഭവപരിചയവുമായി മധ്യവയസിനു ശേഷമാവാം ഒരാൾ അധ്യാപനായും മറ്റും രംഗത്തു വരുന്നത്.
10. അറിവും സമ്പത്തും
വ്യക്തികളുടെ ബൗദ്ധിക നിലവാരം മാത്രമല്ല, വ്യക്തികളുടേയും രാജ്യത്തിന്റെയും സാമ്പത്തിക നിലവാരവും ഉയർത്താൻ വിദ്യാഭ്യാസ പദ്ധതിക്ക് കഴിയണം. ഭാഷാ സാക്ഷരതയ്ക്കും ഗണിത സാക്ഷരതയ്ക്കും സാങ്കേതിക സാക്ഷരതയ്ക്കും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതികൾ പക്ഷേ, സാമ്പത്തിക സാക്ഷരതയ്ക്ക് പ്രാധാന്യം നൽകി കാണാറില്ല. അടുത്തിടെ ഒരു സുഹൃത്ത് ഒരു നവമാധ്യമത്തിലിട്ട കുറിപ്പിൽ, അദ്ദേഹം വിവിധ തൊഴിൽ മേഖലകളിലുള്ളവർക്ക് ഒരു മിനിറ്റിൽ ലഭിക്കുന്ന വരുമാനം കണക്കാക്കിയത് ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം സന്ദർശിച്ച ഒരു വിദഗ്ധ ഡോക്ടർ ഒരു മിനിറ്റിൽ നാലു രൂപ സമ്പാദിക്കുമ്പോൾ, അദ്ദേഹം സഹായം തേടിയ പ്ലംബർ, ഇലക്ട്രീഷ്യൻ, ലോഡിങ് തൊഴിലാളി, അവിദഗ്ധ കൈത്തൊഴിലാളി തുടങ്ങിയവർ മിനിറ്റിൽ എട്ടും പതിനാറും ഇരുപത്തിരണ്ടും രൂപ വരെ പ്രതിഫലം പറ്റിയതായി പറയുന്നു. പക്ഷേ, ഡോക്ടറെ അപേക്ഷിച്ച് മറ്റുള്ളവരുടെ ജീവിത നിലവാരം തുലോം പരിതാപകരമായി തന്നെയിരിക്കുന്നു. ഇത് നാം നമ്മുടെ ചുറ്റുപാടും കാണുന്ന വസ്തുതയുമാണ്.
ഇതിന് രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് ദിവസം മുഴുവനും വർഷം മുഴുവനും അതേ വരുമാനം ലഭിക്കുന്നില്ല. വല്ലപ്പോഴും ലഭിക്കുന്ന വരുമാനം മാത്രമായതിനാലാണ് ഈ തുക ഉയർന്നതായി തോന്നുന്നത്. ഈ ന്യായം വലിയ അളവിൽ വരെ ശരിയാണ്. എന്നാൽ, ഇവിടെ തൊഴിൽ സാധ്യത തീരെയില്ലാഞ്ഞല്ല വരുമാനം സ്ഥിരമായി ലഭിക്കാതാകുന്നത്. തൊഴിൽ സാധ്യത വേണ്ടത്ര മികവോടെ പ്രയോജനപ്പെടുത്താത്തതു കൊണ്ടാണ്. ഇവിടുത്തെ തൊഴിൽ സാധ്യതയുടെ തെളിവാണ് ഇവിടെ സകല മേഖലകളിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ. തൊഴിൽ സാധ്യതയെ യഥാസമയം കണ്ടെത്തി ഉപയോഗപ്പെടുത്താനുള്ള പ്ലാറ്റ്ഫോമുകൾ രൂപപ്പെടുത്താനും സാധ്യതകൾ നിലനിർത്താനുള്ള മികവും ചര്യകളും പരിശീലിക്കാനും തൊഴിൽ വൈവിധ്യങ്ങൾ പരിശീലിക്കാനും സാധിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഇതിലുള്ളു.
രണ്ടാമത്തെ കാരണം സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ടതാണ്. സ്ഥിരമായി തുല്യ വരുമാനമില്ലാത്തയാളുകളെ സംബന്ധിച്ച് സാമ്പത്തിക മാനേജ്മെന്റ് അഭ്യസിച്ച് അനുവർത്തിക്കേണ്ട സംഗതി തന്നെയാണ്. സർക്കാർ ജീവനക്കാർക്കും മറ്റ് സ്ഥിരവരുമാനമുള്ളവർക്കും സാമ്പത്തിക സാക്ഷരത ഉണ്ടായതു കൊണ്ടല്ല, മറിച്ച് സ്ഥിരമായി കിട്ടുന്ന നിശ്ചിത തുക എന്ന സാധ്യത നൽകുന്ന പരുവപ്പെടുത്തലിലൂടെ കടന്നു പോകുന്നതിനാലാണ് അവർ മികച്ച ഭൗതിക നിലവാരം പുലർത്തുന്നതായി കാണപ്പെടുന്നത്. സാമ്പത്തിക സാക്ഷരതയുള്ള മാതൃകാ വ്യക്തികളെ പരിചയപ്പെടാനും അറിവ് കൈക്കൊള്ളാനും ഉള്ള സാധ്യതയും അത്തരക്കാർക്ക് കൂടുതലായുണ്ട്.
ലഭിക്കുന്ന വരുമാനത്തിലേറെയും ലഹരി പദാർത്ഥങ്ങൾക്കു വേണ്ടി തുലച്ചു കളയുന്നവരാണ് അടിസ്ഥാന ജനവിഭാഗങ്ങളിൽ വലിയൊരു പങ്ക്. ഇത് അവരുടെയും കുടുംബത്തിന്റെയും അവരുടെ ഭാവി തലമുറയുടെയും ജീവിതം പരിതാപകമാക്കുന്നു. ലഭിക്കുന്ന വരുമാനം എങ്ങനെ ചെലവഴിക്കണം, ഏത് ആവശ്യങ്ങൾക്ക് മുൻതൂക്കം കൊടുക്കണം, വരവിന്റെയും ചെലവിന്റെയും മേഖലകൾ താന്താങ്ങളുടെ വരുമാന രീതിയനുസരിച്ച് എങ്ങനെ സംവിധാനം ചെയ്യണം, വായ്പകൾ എപ്പോൾ എടുക്കണം, അവ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം, കയ്യിലുള്ള കുറഞ്ഞ പണം പോലും ആസ്തിയായി മാറ്റുന്നതെങ്ങനെയാണ് എന്നിങ്ങനെയുള്ള പ്രാഥമിക കാര്യങ്ങളിൽ പോലും പലർക്കും ധാരണയില്ല. കയ്യിൽ വരുന്നതെല്ലാം കൈമോശം വരുത്തിയ ശേഷം ലോട്ടറി ടിക്കറ്റുകളിൽ ഭാഗ്യാന്വേഷണം നടത്തുന്നവരായി നമ്മുടെ സമൂഹം മാറിക്കഴിഞ്ഞു. ധനകാര്യ സ്ഥാപനങ്ങൾ പോലും തങ്ങളുടെ ഇടപാടുകാരെ സാമ്പത്തിക സാക്ഷരരാകാൻ സഹായിക്കുന്നില്ല. നൽകിയ വായ്പ തിരിച്ചടയ്ക്കാൻ അവർക്കായില്ലെങ്കിൽ അവരുടെ കൂടിയ മൂല്യമുള്ള വസ്തുവകകൾ കൈവശപ്പെടുത്തി കൃതാർത്ഥരാകാം എന്നതിൽ കവിഞ്ഞ ചിന്തയൊന്നും ധനകാര്യ സ്ഥാപനങ്ങൾക്കില്ല. സാമ്പത്തിക സാക്ഷരത കൈവരിക്കുന്നതിലൂടെ തങ്ങളുടെ ഇടപാടുകാരനുണ്ടാകുന്ന മെച്ചം തങ്ങളുടെ ബിസിനസിലും പ്രതിഫലിക്കുമെന്ന സാമാന്യ യുക്തിയുണ്ടെങ്കിൽ, ഇടപാടുകാർക്ക് സാമ്പത്തിക കൗൺസലിങ്ങിനായി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചാൽ തന്നെ നഷ്ടമില്ലെന്ന തിരിച്ചറിവിലേക്ക് അവർ എത്തിയേനെ.
താരതമ്യേന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികൾ പ്രയോജനപ്പെടുത്തുന്ന സഞ്ചയിക നിക്ഷേപം പോലുള്ള സംഗതികളാണ് വിദ്യാലയവുമായി ബന്ധപ്പെട്ട് നമുക്കു ലഭിച്ചു പോന്ന സാമ്പത്തിക പാഠങ്ങൾ. ഇതു മാറിയേ തീരൂ. കുട്ടികളിൽ നിന്നു തന്നെ സംരഭകരെയും വളർത്തിയെടുക്കാൻ വിദ്യാഭ്യാസ പദ്ധതിക്ക് സാധിക്കുമ്പോഴേ അത് ശരിയായ വിദ്യാഭ്യാസമാകൂ. വിദഗ്ധ തൊഴിലാളികളെ മാത്രമല്ല രാജ്യത്തിനാവശ്യം.
(തുടരും)
Comments
Post a Comment