*വിദ്യാഭ്യാസ പദ്ധതി: ഉദാത്ത ദർശനങ്ങളും പ്രായോഗിക യാഥാർത്ഥ്യങ്ങളും* (ഭാഗം 6)
6. പുതിയ കാലത്തിന്റെ വെല്ലുവിളികളും നൈപുണിയുടെ സാധ്യതകളും
നൈപുണീ വികസനം പുതിയ കാലത്തിന്റെ വെല്ലുവിളികളെ ശരിയായി ഏറ്റെടുക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്നത്തെ കാലത്തിന്റെ പ്രത്യേകത, അതിവേഗം വളരുന്ന ശാസ്ത്ര-സാങ്കേതിക മേഖലയും ലോകത്ത് അതുമൂലമുണ്ടാകുന്ന മാറ്റങ്ങളുമാണ്. ഇന്ന് ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടിക്ക് പന്ത്രണ്ട് വർഷത്തിനു ശേഷം ജോലി ചെയ്യേണ്ടി വരിക ഇന്ന് ഊഹിക്കാൻ പോലും പറ്റാത്ത തൊഴിൽ മേഖലയിലാവാം. ഇന്നത്തെ അവസ്ഥ തന്നെ അതാണ്. സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്ന കാലത്ത് ലോകത്ത് ഉത്ഭവിച്ചിട്ടു കൂടിയില്ലാത്ത വിഷയത്തിലാവും ഇക്കാലത്ത് പലരും ബിരുദവും തൊഴിലും നേടിയിട്ടുണ്ടാവുക. അത്തരത്തിലുള്ള മാറ്റങ്ങൾക്ക് ഗതിവേഗം വർധിക്കുന്ന കാലമാണ് മുന്നിലുള്ളത്. ഒരു പ്രത്യേക സാങ്കേതിക നൈപുണി വികസനം ലക്ഷ്യമിട്ട് ആറാം തരത്തിൽ കോഴ്സ് തുടങ്ങുന്ന പഠിതാവ്, പന്ത്രണ്ടാം തരം എത്തുമ്പോഴേക്കും അത്തരം സാങ്കേതികവിദ്യ തന്നെ ലോകത്ത് ഇല്ലാതായേക്കാം.
ഇതിന് എന്താണ് പരിഹാരമെന്നു നോക്കാം. ഹോവാർഡ് ഗാർഡ്നർ 1983ൽ ആവിഷ്ക്കരിച്ച ബഹുതര ബുദ്ധിസിദ്ധാന്തം (മൾട്ടിപ്പിൾ ഇന്റലിജൻസ് തിയറി) പ്രസിദ്ധമാണല്ലോ. അതു പ്രകാരം ഓരോ വ്യക്തിയ്ക്കും പലവിധ ബൗദ്ധിക ശേഷികൾ ഉണ്ടാകും. ഒരു നിശ്ചിത സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യം നൽകുന്നതിനു പകരം ആ പഠിതാവിന്റെ ബൗദ്ധിക മികവിന്റെ മേഖകൾ കണ്ടെത്തി ആ ബൗദ്ധിക നൈപുണികൾക്ക് മികവ് വർധിപ്പിക്കുന്നതിനുള്ള പരിശീലനം കൂടി നിശ്ചിത തൊഴിൽ പരിശീലനത്തിനൊപ്പം നൽകിയാൽ, ഒരു പ്രത്യേക തൊഴിൽ തന്നെ ഇല്ലാതായാലും അതേ ബൗദ്ധിക നൈപുണി പ്രയോജനപ്പെടുത്താവുന്ന മറ്റ് തൊഴിൽ മേഖലകൾ കണ്ടെത്താനും അതിൽ വിജയിക്കാനും പഠിതാവിനാകും. (കുട്ടിയുടെ നൈപുണിക്കാണ് പ്രാധാന്യം നൽകേണ്ടത് രക്ഷിതാവിന്റെ സങ്കല്പങ്ങൾക്കോ വിദ്യാലയത്തിന്റെ താത്പര്യങ്ങൾക്കോ അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാൻ ഇക്കാലത്ത് ധാരാളം ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ ലഭ്യമാണ്.)
നൈപുണികളുടെ വളർച്ചയിൽ സിദ്ധിയും സാധനയും പ്രധാനമാണ്. ജൻമസിദ്ധമായ ഒരു ശേഷിയെ ശരിയായ പരിശീലനത്തിലൂടെ മികവുറ്റതാക്കാം. അതിലേറെ സിദ്ധിയുള്ളയാൾ ശരിയായ സാധന നിർവ്വഹിക്കാതെ അലസമായി തന്റെ ശേഷിയെ കൈകാര്യം ചെയ്താൽ പരിശീലനത്തിലൂടെ മികവു വളർത്തിയവരുടെ പിന്നിലായേക്കാം. ഓരോ വ്യക്തിയും തങ്ങളുടെ സിദ്ധികൾ കണ്ടെത്തുകയും പരമാവധി പരിശീലനം നൽകി വളർത്തിയെടുക്കുകയും ചെയ്യണം. ഇതിന് ഉതകുന്നതാകണം വിദ്യാഭ്യാസ പദ്ധതി. ഓർമ്മശക്തി വളർത്തിയെടുക്കുന്നതു പോലും ഒരു നൈപുണീ പരിശീലനമാണ്. മുൻപ്, ഓർമ്മശക്തിക്ക് വലിയ പ്രധാധ്യമുണ്ടായിരുന്ന വിദ്യാഭ്യാസ പദ്ധതിയുടെ കാലത്തു പോലും ശാസ്ത്രീയമായി ഓർമ്മശക്തി മെച്ചപ്പെടുത്താനുള്ള പരിശീലനം ഇല്ലായിരുന്നു. പഠിതാവിന് ഉള്ള ഓർമ്മ പരീക്ഷിക്കുക മാത്രമായിരുന്നു മൂല്യനിർണ്ണയത്തിലെ പ്രധാന ഇനം.
കായിക ശേഷി വികസനവും നൈപുണി വികസനത്തിന്റെ ഭാഗമാണ്. നിലവിൽ, കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ, എസ്പിസി, എൻസിസി തുടങ്ങിയ സന്നദ്ധ സേനാ വിഭാഗങ്ങളിലുള്ള കുട്ടികൾ എന്നിവർക്കു മാത്രമാണ് പ്രത്യേക കായിക പരിശീലനം കിട്ടിയിരുന്നത്. എല്ലാ കുട്ടികൾക്കും കായികപരിശീലനത്തിന് അവസരം ലഭിക്കണം. ശരീരത്തിന്റെ കരുത്ത് മനസിനും ബുദ്ധിക്കും കൂടുതൽ ഉന്മേഷം നൽകും; വ്യക്തിക്ക് ആത്മവിശ്വാസവും.
നൈപുണികളുമായി ബന്ധപ്പെട്ടു വരുന്ന മറ്റൊരു വലിയ വെല്ലുവിളി നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - ഏഐ)വളർച്ചയാണ്. പല തൊഴിലുകളും നിർമ്മിത ബുദ്ധി ഏറ്റെടുക്കാൻ സാധ്യതയുണ്ട്. യാന്ത്രികവും കായികവുമായ ജോലികൾ ഏഐ നിയന്ത്രിക്കുന്ന കുഞ്ഞൻ റോബോട്ടുകൾ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല. ഒരു കെട്ടിടമോ പാലമോ നിർമ്മിക്കുന്നതിനോ, വയറിങ്, പ്ലംബിങ്, റിപ്പയറിങ് പോലുള്ള ജോലികൾ ചെയ്യുന്നതിനോ മനുഷ്യന്റെ സേവനം ആവശ്യമായി വരാത്ത കാലമാണ് ഇനി വരുന്നത്. യന്ത്രങ്ങളും റോബോട്ടുകളും ആ ജോലികൾ പ്ലാനിങ് തലം മുതൽ ഏറ്റെടുത്തു ചെയ്യും.
കോവിഡ്- 19 ന്റെ കടന്നു വരവ് ഏഐ യുടെ വ്യാപനത്തിന് ഗതിവേഗം കൂട്ടും. പല വിധ ജോലികൾക്ക് മനുഷ്യാധ്വാനത്തെ ആശ്രയിച്ചിരുന്ന വമ്പൻ കോർപ്പറേറ്റുകൾക്ക് കോവിഡ് മൂലം തങ്ങളുടെ പ്രവർത്തനം നിർത്തി വയ്ക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യേണ്ടി വന്നു. ഇത് മനുഷ്യാധ്വാനത്തെ ആശ്രയിക്കുന്നതിൽ നിന്ന് മാറി ചിന്തിക്കാൻ കോർപ്പറേറ്റുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് കോവിഡ് കാലത്ത് മികച്ച സാമ്പത്തിക വളർച്ച നേടുകയും ഒപ്പം സാങ്കേതിക വിദ്യയെ നവീകരിച്ച് ജീവനക്കാരെ വെട്ടിക്കുറക്കുകയും ചെയ്തു. ബിസിനസ് നഷ്ടമായതിനാലല്ല അവർ ജീവനക്കാരെ പിരിച്ചു വിട്ടത്. ഈ രീതി വലിയ കമ്പനികളിൽ ഒതുങ്ങി നിൽക്കാതെ താഴെത്തട്ടിലേക്കെത്താൻ അധികം കാലതാമസമില്ല. അപ്പോൾ തൊഴിൽ പരിശീലനം നേടിയവർക്കുള്ള തൊഴിലവസരം ഉൾപ്രദേശങ്ങളിലൊതുങ്ങും.
സാധാരണ കൈത്തൊഴിൽകാരും കമ്പനി തൊഴിലാളികളും മാത്രമാണ് ഏഐ ഉയർത്തുന്ന വെല്ലുവിളി നേരിടുന്നത് എന്നു തെറ്റിദ്ധരിക്കരുത്. അധ്യാപനം, നിയമ സഹായം, വൈദ്യം, എഞ്ചിനീയറിങ്, മാനേജ്മെന്റ് തുടങ്ങി വിവിധ പ്രൊഫഷനുകളിൽ ഏഐ സ്വാധീനം ചെലുത്തും. പല മേഖലകളും പൂർണ്ണമായി ഏഐക്ക് വശപ്പെടില്ലായിരിക്കാം. എന്നാലും പ്രൊഫഷനലുകൾ തങ്ങളുടെ മേഖലകളിൽ എവിടെയാക്കെ ഏഐ കടന്നു കയറും എന്നതിനെ പറ്റി മുൻ ധാരണ ഉണ്ടാക്കുകയും അതനുസരിച്ച് പരിശീലനം നേടുകയും കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.
ഏഐ പെട്ടെന്ന് കൈവയ്ക്കാൻ സാധ്യതയില്ലാത്ത മേഖല, ഒരു പക്ഷേ, സർഗ്ഗാത്മകതയുടെയും വൈകാരികതയുടെയും രംഗമാവാം. ഓരോ തൊഴിൽ രംഗത്തും സർഗ്ഗാത്മകമായ വ്യക്തിമുദ്രയും വൈകാരിക ചേതനയും ഉൾച്ചേർക്കാൻ സാധിക്കുന്നവർക്കു മുന്നിലാണ് ഭാവിയുടെ വാതിലുകൾ തുറന്നു കിടക്കുന്നത്. മറ്റൊരു സാധ്യത, തൊഴിൽ മേഖലകളിലെല്ലാം ഏഐയെ ഉപയോഗപ്പെടുത്തുകയും തത്ഫലമായുള്ള ഉത്പാദനത്തിന്റെ മെച്ചം അഥവാ ഉത്പാദകർ നൽകുന്ന നികുതിയുടെ മെച്ചം ഭരണകൂടം പൗരൻമാർക്ക് മാസവരുമാനമായി നൽകുക എന്നുള്ളതാണ്. ഇതും അനതിവിദൂര ഭാവിയിൽ സംഭാവ്യമാണ്. അപ്പോൾ, അധിക വരുമാനം ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ അഭിരുചിക്കൊത്ത തൊഴിലുകൾ ചെയ്യാൻ അവസരമുണ്ടാകാം. ഒപ്പം സംരഭകരായി വളരാനും സാധ്യത അവശേഷിക്കാം.
(തുടരും)
Comments
Post a Comment