*വിദ്യാഭ്യാസ പദ്ധതി: ഉദാത്ത ദർശനങ്ങളും പ്രായോഗിക യാഥാർത്ഥ്യങ്ങളും* (ഭാഗം 4)
4. മാതൃഭാഷയും പാഠ്യപദ്ധതിയും
പുതിയ നയത്തിനു മേൽ നടക്കുന്ന ചർച്ചകളിൽ വലിയ പ്രാധാന്യം വിദ്യാഭ്യാസ മാധ്യമം സംബന്ധിച്ച നിർദ്ദേശത്തെ ചുറ്റിപ്പറ്റിയാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷ മാധ്യമമാകണോ ഇംഗ്ലീഷ് മാധ്യമമാകണോ എന്നതാണ് ആ ചർച്ചയുടെ കാതൽ. കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രാദേശിക ഭാഷ മാധ്യമമാകുന്നത് പ്രായോഗികമാവില്ല. അത് രണ്ടു തരം പൗരൻമാരെ സൃഷ്ടിക്കാൻ കാരണമാകും എന്നതാണ് ഒരു വാദം. തങ്ങളുടെ കുട്ടിക്ക് പഠന മാധ്യമം തെരഞ്ഞെടുക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തെ തടയുന്നു എന്നത് മറ്റൊരു പ്രധാന ആരോപണമാണ്. ഗ്രാമീണരും പിന്നോക്കക്കാരും കൂടുതൽ പിന്തള്ളപ്പെടാൻ കാരണമാകും എന്നും ആരോപണമുണ്ട്.
ലോകമെമ്പാടുമുള്ള ഭാഷാ ഗവേഷകരും പണ്ഡിതരും മാതൃഭാഷ പഠന മാധ്യമമാകേണ്ടതിന്റെ പ്രാധാന്യത്തെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ ചിന്തകനും മനശ്ശാസ്ത്ര വിദഗ്ധനുമായ ലെവ് വിഗോഡ്സ്കി, (മരണത്തിനും മുക്കാൽ നൂറ്റാണ്ടിനു ശേഷമാണ്, 38 വയസു വരെ മാത്രം ജീവിച്ചിരുന്ന ആ ചിന്തകന്റെ ആശയങ്ങൾ പുറം ലോകം കാണുന്നതും ചർച്ച ചെയ്യുന്നതും) മാതൃഭാഷയുടെയും സാംസ്ക്കാരിക കൈമാറ്റത്തിന്റെയും പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. നാലു വർഷം മുൻപു വരെ നമുക്കിടയിൽ ജീവിച്ചിരുന്ന പ്രമുഖ സാമൂഹിക ജ്ഞാനനിർമ്മിതിവാദ ചിന്തകനായ ജെറോം എസ്. ബ്രൂണറും മാതൃഭാഷയുടെ പ്രാധാന്യത്തെ ശാസ്ത്രീയമായി വിശദമാക്കിയിട്ടുണ്ട്. ഡേവിഡ് പി. അസുബൽ, ലക്കാൺ, നോം ചോംസ്ക്കി തുടങ്ങിയ ആധുനിക ശാസ്ത്രകാരൻമാരെല്ലാം തന്നെ വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷയുടെ പ്രാധാന്യം സ്പഷ്ടമായി പ്രതിപാദിച്ചിട്ടുള്ളവരാണ്. പഴയതും കാലഹരണപ്പെട്ടതുമായ വാദമുഖങ്ങൾ കൊണ്ട് മാതൃഭാഷാ പ്രാധാന്യത്തെ നിസ്സാരവൽക്കരിക്കാനാവില്ല.
എന്നാൽ, എന്താണ് മാതൃഭാഷ എന്നതു കൂടി ഈ അവസരത്തിൽ പ്രസക്തമാണ്. ഒരു കുട്ടിയുടെ അച്ഛനമ്മമാരുടെയും ചുറ്റുപാടുകളുടെയും ഭാഷയാണ് കുട്ടിയുടെ മാതൃഭാഷ. ഒരു ശിശുവിന്റെ ഭ്രൂണം രൂപപ്പെടുന്നതു മുതൽ ആദ്യത്തെ ആയിരം ദിവസങ്ങളിൽ ശിശു കേട്ടു വളരുന്നതാണ് ശിശുവിന്റെ മാതൃഭാഷ. അങ്ങനെ നോക്കുമ്പോൾ പല മലയാളി ശിശുക്കളുടെയും മാതൃഭാഷ മലയാളമാവണമെന്നില്ല. ഇംഗ്ലീഷോ, വലിയ തോതിൽ ഇംഗ്ലീഷ് സ്വാധീനമുള്ള മലയാളമോ (മംഗ്ലീഷ് എന്നു വിശേഷിപ്പിക്കാം) ആണ് വലിയൊരു വിഭാഗത്തിന്റെ മാതൃഭാഷ. അപ്പോൾ അക്കൂട്ടർക്ക് ഇംഗ്ലീഷ് മാധ്യമമാക്കുന്നത് ശാസ്ത്രീയമായി നോക്കിയാൽ തെറ്റല്ല.
ഇംഗ്ലീഷിൽ വിദ്യാഭ്യാസം നേടുന്നവർ മലയാളം മാധ്യമമാക്കുന്നവരെ അപേക്ഷിച്ച് ജീവിതത്തിൽ മുന്നേറാൻ സാധ്യതയുണ്ടോ? ഇല്ല എന്നതാണ് ലളിതമായ ഉത്തരം. അത്തരത്തിൽ വിജയമുണ്ടാക്കിയതായി ആധികാരികമായ പഠനങ്ങൾ ഉള്ളതായി അറിവില്ല. ഇംഗ്ലീഷ് ഒരു ഭാഷ മാത്രമാണ്. ഉന്നതവും നവീനവുമായ അറിവുകൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ഇംഗ്ലീഷിലാണെന്നത് വലിയ പ്രാധാന്യമുള്ള കാര്യമല്ല. ആ അറിവുകൾ വശഗമാക്കാൻ ഇംഗ്ലീഷ് ഭാഷ നന്നായി പഠിക്കുക മാത്രമേ വേണ്ടു. പഠനമാധ്യമമായി ഇംഗ്ലീഷിനെ മാറ്റേണ്ടതില്ല. ഉന്നത അറിവുകൾ പ്രാഥമിക തലത്തിൽ പഠിക്കേണ്ടതുമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇംഗ്ലീഷ് മാധ്യമമാക്കുന്നത് പ്രശ്നമല്ല താനും.
പലപ്പോഴും സാങ്കേതിക പദങ്ങളെ മുൻനിർത്തിയാണ് ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യത്തെ പറ്റി പലരും വാദമുന്നയിക്കാറ്. ഏരിയ, മൊമന്റം, വെക്ടർ തുടങ്ങി നിരവധി വാക്കുകൾക്ക് പ്രാദേശിക പദങ്ങൾ കണ്ടെത്തേണ്ടി വരുന്നു. ഉന്നത പഠന സമയത്ത് അതേ പദങ്ങളുടെ ഇംഗ്ലീഷ് മനസിലാക്കി അതിലേക്ക് മാറേണ്ടി വരുന്നു എന്നിവയാണ് പ്രാദേശിക ഭാഷാ വിരുദ്ധ വാദക്കാർ ഒരു പ്രശ്നമായി ഉന്നയിക്കാറുള്ളത്. സാങ്കേതിക പദങ്ങൾക്കും നാമ പദങ്ങൾക്കും പ്രത്യേക ഭാഷയില്ല എന്നതാണ് വസ്തുത. മലയാളത്തിലായാലും ഏരിയ, മൊമന്റം, വെക്ടർ തുടങ്ങിയവയൊക്കെ അങ്ങനെ തന്നെ പഠിപ്പിച്ചാൽ മതി. (നാമപദങ്ങൾക്ക് ഭാഷയില്ലെന്നതിനെ പറ്റി, മലയാളഭാഷയുമായി ബന്ധപ്പെട്ടു കണ്ടുകിട്ടിയതിൽ വച്ച് ആദ്യത്തെ ലക്ഷണ ഗ്രന്ഥമായ, ലീലാതിലകത്തിൽ 'കൂന്തൽ വാദം' എന്ന പേരിൽ പ്രസിദ്ധമായ ഭാഗത്ത് കൃത്യമായി പരാമർശിച്ചിട്ടുണ്ട്. കേരളീയർ ഏതെങ്കിലും ഒരു വാക്ക് സാധാരണയായി ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ പദം കേരള ഭാഷാ പദമായി കണക്കാക്കാം എന്ന് ലീലാതിലകകാരൻ നിശങ്കം വ്യക്തമാകുന്നു.) ഇംഗ്ലീഷ് ഭാഷയിലെ പദങ്ങളായി പൊതുവേ കരുതപ്പെടുന്ന പല സാങ്കേതിക പദങ്ങളും യഥാർത്ഥത്തിൽ ലാറ്റിനിലോ ഗ്രീക്കിലോ മറ്റ് ഏതെങ്കിലും ഭാഷയിലോ ഉത്ഭവിച്ചവയാകാം. ഒരു മടിയും കൂടാതെ ഇംഗ്ലീഷ് ഭാഷ അത് സ്വാംശീകരിച്ചു. മലയാളത്തിലെ 'അയ്യോ' കഴിഞ്ഞയിടെയാണ് ഇംഗ്ലീഷ് സ്വീകരിച്ചത്. ഈ സ്വീകരണ സ്വഭാവമാണ് ഇംഗ്ലീഷിന്റെ പദസമ്പത്തിനെ വളർത്തിയതും ആഗോള ഭാഷ എന്ന നിലയിൽ തുടരാൻ ശേഷി നൽകിയതും. മലയാളത്തിനും ഈ സ്വീകരണ ശേഷിയുണ്ട്. എത്രയോ സംസ്കൃത പദങ്ങൾ നാം മലയാളമാക്കി കഴിഞ്ഞു. ഇംഗ്ലീഷും അറബിയുമുൾപ്പെടെ എത്രയോ വിദേശഭാഷാ പദങ്ങളും നമ്മൾ നമ്മുടേതാക്കിയിട്ടുണ്ട്. ആധുനിക ശാസ്ത്രവുമായും സാങ്കേതിക മേഖലയുമായും ബന്ധപ്പെട്ട പദങ്ങളെ കൈക്കൊള്ളുന്നതിൽ മാത്രം അയിത്തം കല്പിക്കേണ്ട കാര്യമില്ല. മാത്രമല്ല, ഒരു ഭാഷയുടെ സ്വത്വം നിർണ്ണയിക്കുന്നത് അതിലെ പദങ്ങളല്ല, മറിച്ച് വാക്യ ഘടനയും പ്രത്യയങ്ങളുമാണ്. പദങ്ങൾ ഏതു ഭാഷയ്ക്കും കൈക്കൊള്ളാം (ഉദാഹരണത്തിന്
'സുരേഷ് ഓടിപ്പോയി' എന്നതിൽ സുരേഷ് മലയാളവും
'Suresh Ranaway' എന്നതിൽ സുരേഷ് ഇംഗ്ലീഷുമാണ്.
അഥവാ സുരേഷ് ഇതു രണ്ടുമല്ല. കാരണം, നാമം ഏതു ഭാഷക്കും പൊതുവാണ്.
വ്യക്തി നാമം പോലെ തന്നെ വസ്തുനാമവും ക്രിയാ നാമവും എല്ലാം.
'സദ്യ ആരംഭിച്ചു.' ഇതിൽ സദ്യ മലയാളം.
'Sadya Started' ഇതിൽ സദ്യ ഇംഗ്ലീഷ് .
'ജോലി കംപ്ലീറ്റ് ചെയ്തു'. കംപ്ലീറ്റ് മലയാള പദം.
'work completed ' - Complete ആംഗല പദം.
വേണമെങ്കിൽ അത്തരം പദങ്ങൾ ഇംഗ്ലീഷ് വേരുള്ള പദമാണ് എന്ന് പറയാം എന്നു മാത്രം. അതു കൊണ്ട് വിശേഷിച്ച് ഗുണമൊന്നുമില്ല, ഭാഷാചരിത്ര പഠനത്തിനല്ലാതെ.)
അറിവുകൾ രേഖപ്പെടുത്തിയിട്ടുള്ളതും കൈമാറ്റം ചെയ്യപ്പെടുന്നതും ഇംഗ്ലീഷിലാണ് എന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. അറിവുകൾ നിർമ്മിക്കപ്പെടുന്നത് ഏതു ഭാഷയിലാണ് എന്നതിലാണ് പ്രസക്തി. ഇന്ന് ലോകമെങ്ങും വിദ്യാഭ്യാസ പദ്ധതികൾക്ക് അടിത്തറയായി തെരഞ്ഞെടുക്കപ്പെടുന്ന സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിന്റെ ആചാര്യൻ ലെവ് വിഗോഡ്സ്കി തന്റെ കണ്ടെത്തലുകൾ നിർമ്മിച്ചത് റഷ്യൻ ഭാഷ ഉപയോഗിച്ചാണ്. 1938 ന് തന്റെ മരണത്തിനു മുൻപ് അദ്ദേഹം റഷ്യൻ ഭാഷയിലെഴുതിയ ഗ്രന്ഥങ്ങൾ ശീതയുദ്ധ കാലത്തെ നിരോധനത്തിനു ശേഷം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുന്നത് 1960 കളിലും 80കളിലുമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലോകത്തെ കീഴ്മേൽ മറിച്ച ചിന്തകൾ ഭൂരിപക്ഷവും ഉണ്ടായത് ജർമ്മൻ ഭാഷയിലും ഫ്രഞ്ച് ഭാഷയിലും മറ്റുമാണ്. അറിവിന്റെ നിർമ്മിതിക്ക് മലയാളത്തിനും ശേഷിയുണ്ട്. പക്ഷേ, നാം മലയാളത്തിന്റെ മണ്ണിൽ വേരുറപ്പിച്ചു നിന്ന് മലയാളത്തിൽ ചിന്തിക്കാൻ ധൈര്യം കാണിക്കേണ്ടിയിരിക്കുന്നു. അന്യഭാഷാ വിധേയത്വം കൊണ്ട് സ്വതന്ത്ര ചിന്തകൾ സൃഷ്ടിക്കാനാവില്ല. 'ഇന്ത്യൻ വിദ്യാർത്ഥികൾ ചിന്തിക്കാൻ ഭയപ്പെടുന്നു' എന്ന് ഒരു വിദേശ അക്കാദമിഷ്യൻ അഭിപ്രായപ്പെടുകയുണ്ടായി. ചിന്തയിൽ പോലും മറ്റൊരു ഭാഷയോട് വിധേയത്വം പുലർത്തിക്കൊണ്ട്, ഗുമസ്ത മനോഭാവം സൃഷ്ടിക്കുന്നതിന് മുൻതൂക്കം നൽകുന്ന വിദ്യാഭ്യാസ പദ്ധതിയിലൂടെ കടന്നു വരുന്ന കുട്ടികളിൽ ചിന്താധീരത പ്രതീക്ഷിക്കുന്നതാണ് അസംബന്ധം.
പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള മാധ്യമം മാതൃഭാഷയാക്കിയത് സ്വാഗതാർഹമാണ്. പക്ഷേ, കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇന്നത്തെ മലയാളികളുടെ മാതൃഭാഷയായ മംഗ്ലീഷിൽ അധ്യയനം നടത്തേണ്ടി വരും എന്നതാണ് വസ്തുത. പൊതു സമൂഹവുമായി അകന്നു കഴിയുന്ന ട്രൈബൽ വിഭാഗങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ പ്രൈമറി ക്ലാസുകളുടെ ആദ്യ പടവുകൾ താണ്ടാനുള്ള സാഹചര്യവും വേണം. അവരുടെ മാതൃഭാഷയിലൂടെ വേണം അവർ ഇംഗ്ലീഷ് പഠിച്ചെടുക്കാൻ. പൊതുസമൂഹത്തിലും രക്ഷിതാക്കൾ ഇംഗ്ലീഷ് പതിവായി ഉപയോഗിക്കാത്തവരാണെങ്കിൽ കുട്ടികൾ അഞ്ചാം തരം വരെ മലയാളം മീഡിയത്തിൽ പഠിക്കുന്നതാണ് ഉചിതം.
(തുടരും)
Comments
Post a Comment