*വിദ്യാഭ്യാസ പദ്ധതി: ഉദാത്ത ദർശനങ്ങളും പ്രായോഗിക യാഥാർത്ഥ്യങ്ങളും* (ഭാഗം 3)
3. മാറ്റങ്ങൾക്കു മുന്നിൽ തുറക്കാത്ത വാതിലുകൾ
ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്തെ സ്വാധീനിക്കുന്ന നിരവധി കണ്ടെത്തലുകളും കാഴ്ചപ്പാടുകളും ഉണ്ടായിട്ടുണ്ടെങ്കിലും അതനുസരിച്ച് ഒരു പൊളിച്ചെഴുത്ത് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഇതുവരെ വന്നിട്ടില്ല.
രണ്ടു ഭാഗങ്ങൾ പിന്നിട്ട ഈ കുറിപ്പ് ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം - നാഷണൽ എജ്യുക്കേഷൻ പോളിസി- 2020 (NEP 2020)ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകുന്നത്. മാറ്റങ്ങൾക്കു മുന്നിൽ വാതിൽ തുറക്കുകയാണ് എന്നു കരുതാം. ഈ വാതിൽ തുറക്കലുകൾ എത്രത്തോളം യഥാർത്ഥത്തിൽ പ്രയോജനം ചെയ്യും എന്നതും വിലയിരുത്താം.
തീർച്ചയായും പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യം വയ്ക്കുന്നത് വലിയ ഒരു പൊളിച്ചെഴുത്തു തന്നെയാണെന്ന് ആദ്യ സൂചനകളിൽ നിന്നു തന്നെ വ്യക്തമാണ്. NEP - 2020 നെ നിശിതമായി വിമർശിച്ചും മുക്തകണ്ഠം പ്രകീർത്തിച്ചുമുള്ള കുറിപ്പുകളും പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ എതിർപ്പിന്റെയും പിന്തുണയുടെയും പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ മാത്രമായതിനാൽ ഒരു അക്കാദമിക അന്വേഷകന് അവയൊന്നും കണ്ണടച്ച് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റി നിർത്തി പുതിയ നയത്തെ ഇഴകീറി പരിശോധിക്കാൻ സാവകാശവും ലഭിച്ചിട്ടില്ല. എങ്കിലും മാധ്യമങ്ങൾ പുറത്തുവിട്ട ആദ്യ സൂചനകൾ ചില കാര്യങ്ങൾ വ്യക്തമാക്കുന്നു:
1. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാധ്യമമെന്ന നിലയിൽ മാതൃഭാഷയ്ക്ക് ഊന്നൽ നൽകും.
2. പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസമായിരിക്കും.
3. നൈപുണി വികസനത്തിന് മുൻഗണന നൽകുന്നതിനാൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥി ഏതെങ്കിലും തൊഴിലിൽ സ്വയം പര്യാപ്തത നേടിയിരിക്കും
4. ഉന്നത വിദ്യാഭ്യാസത്തിൽ വിഷയങ്ങളെ ശാസ്ത്രം, വാണിജ്യം, മാനവികം എന്നിങ്ങനെ അറ തിരിച്ച് വേർതിരിക്കില്ല. ഒരു പഠിതാവിന് ഒരേ സമയം ഏതു വിഭാഗത്തിൽ പെട്ട വിഷയവും പ്രധാന - ഉപ വിഷയങ്ങളായി പഠിക്കാൻ സൗകര്യമുണ്ടാകും.
5. ദേശീയവും പരമ്പരാഗതവും പ്രാദേശികവുമായ കാര്യങ്ങൾക്ക് വലിയ മുൻഗണന നൽകും.
6. അധ്യാപക വിദ്യാഭ്യാസം ബിരുദത്തിനൊപ്പമുള്ള നാലുവർഷ കോഴ്സിൽ ഉൾപ്പെടുത്തും.
7. സ്വയം ഭരണ കലാലയങ്ങളും സർവ്വകലാശാലകളുമല്ലാതെയുള്ള സംവിധാനങ്ങൾ (അഫിലിയേറ്റഡ് കോളേജ്) ഉന്നത വിദ്യാഭ്യാസ മേഖലയിൽ തുടരില്ല.
ഏതായാലും, ഇപ്പോൾ തുറക്കാനൊരുങ്ങുന്ന വാതിലിനപ്പുത്തേക്ക് ലഭ്യമായ വസ്തുതകൾ വച്ച് നമുക്കും ഒരു നിരീക്ഷണം നടത്താം.
(തുടരും)
Comments
Post a Comment