*വിദ്യാഭ്യാസ പദ്ധതി: ഉദാത്ത ദർശനങ്ങളും പ്രായോഗിക യാഥാർത്ഥ്യങ്ങളും* (ഭാഗം 2)
2. ദർശനങ്ങളും യാഥാർത്ഥ്യവും
വിദ്യാഭ്യാസത്തെയും ജീവിതത്തെയും പൊരുത്തപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യം ദാർശനികമാണ്. അത് ഓരോ സമൂഹവും അവരവരുടെ വിദ്യാഭ്യാസ പദ്ധതിക്ക് അടിത്തറയായി കൈക്കൊള്ളുന്ന ദാർശനിക വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു രാജ്യം, അവരുടെ ജനതയ്ക്ക് അഥവാ പുതിയ തലമുറയ്ക്ക്, വിവരങ്ങളും അറിവുകളും ( Information and knowledge) ഉൾക്കൊള്ളാനും കൈകാര്യം ചെയ്യാനുമുള്ള ശേഷി വളർത്താനുള്ള പരിശീലനം മാത്രമായാണ് വിദ്യാഭ്യാസ മേഖലയെ വിനിയോഗിക്കുന്നതെങ്കിൽ, പോരായ്മകൾ ഉണ്ടെങ്കിൽ കൂടി, അത് മിക്കവാറുമൊക്കെ ഫലപ്രദമാണെന്നു പറയേണ്ടിവരും. എന്നാൽ, മിക്കവാറും എല്ലാ ജനസമൂഹങ്ങളും അത്രയും ചെറിയ ഒരു പരിധിയിലല്ല വിദ്യാഭ്യാസ ലക്ഷ്യങ്ങളെ നിർവ്വചിച്ചിരിക്കുന്നത് എന്നു നമുക്കറിയാം. മനുഷ്യനെ പരമാവധി സമഗ്രതയിൽ കാണാനും ആ നിലയിലേക്ക് പുതുതലമുറയെ വളർത്തിയെടുക്കാനും വിദ്യാഭ്യാസ ദർശനങ്ങൾ പരസ്പരം മത്സരിക്കുന്നതു പോലെയാണ് തത്ത്വത്തിൽ നമുക്കനുഭവപ്പെടുക. എന്നാൽ അതനുസരിച്ച് വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിർവ്വചിക്കുമ്പോഴും, പാഠ്യപദ്ധതികൾ ചിട്ടപ്പെടുത്തുമ്പോഴും, അത് നിർവ്വഹണ തലത്തിലെത്തുമ്പോഴും കാര്യങ്ങൾ ക്രമേണ പൂർണ്ണമായും കൈവിട്ടു പോകുന്ന അവസ്ഥയിലെത്തുന്നതായാണ് അനുഭവം.
എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഇതിൽ ശ്രദ്ധേയമായ ഒരു സംഗതി മഹത്തായ ഈ ദർശനങ്ങൾ രൂപപ്പെടുത്തുന്നവർ എല്ലാം തന്നെ ഉന്നതമായ മാനസിക തലത്തിലുള്ള പ്രബുദ്ധ വ്യക്തിത്വങ്ങളാണ് എന്നതാണ്. ഈ മാനസികൗന്നത്യം മൂലം, തങ്ങളുടെ ദർശനങ്ങളെ രൂപപ്പെടുത്തുന്ന വേളയിൽ സങ്കുചിതവും സാധാരണവുമായ മാനസിക തലങ്ങളുള്ള ബഹുജനങ്ങളുടെ ബാഹുല്യത്തെ വേണ്ടത്ര കണക്കിലെടുക്കാൻ ഈ മഹത്തുക്കൾക്ക് സാധിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
മറ്റൊരു സംഗതി, ഉന്നതരായ ഈ ചിന്തകർ ആവിഷ്ക്കരിച്ച സിദ്ധാന്തങ്ങളുടെ പ്രായോഗികവൽക്കരണ ശ്രമങ്ങളാണ് ലോകമെമ്പാടും കണ്ടുവരുന്നത് എന്നതാണ്. പ്രയോഗത്തിലൂടെ ജയപരാജയങ്ങൾ നിരീക്ഷിച്ച് ഒരു ദർശനത്തിലേക്ക് എത്തിച്ചേർന്നതായി കാണുന്നത് വളരെ വിരളമാണ്. അത്തരം ആവിഷ്ക്കാരങ്ങളാകട്ടെ, അനുകരിക്കാനും സമാന്യവൽക്കരിക്കാനും സാർവ്വത്രികമായി ഒരേ മാതൃകയിൽ നടപ്പാക്കാനും പറ്റാത്ത വിധം അനന്യത പുലർത്തുന്നവയുമായിരിക്കും.
ദർശനങ്ങളുടെ ഔന്നത്യവും യഥാർത്ഥ്യങ്ങളുടെ പതിത്വവും വ്യക്തമാക്കുന്ന രസകരമായ ഒരു ഉദാഹരണമുണ്ട്. 'ലോക സമാധാന'ത്തെ ഉയർത്തിപ്പിടിക്കുന്നവയാണ് വിശ്വദർശനങ്ങൾ എല്ലാം തന്നെ. എന്നാൽ ഈ വ്യത്യസ്ത ദർശനങ്ങളെ പിൻപറ്റുന്നവരാകട്ടെ ശരിയായ 'സമാധാന ദർശനം' തങ്ങളുടേതാണ് എന്ന അവകാശവാദത്തെ മുൻനിർത്തി പോലും തമ്മിലടിച്ച് രക്തം ചിന്തുന്നതാണ് ലോകചരിത്രമാകെ കാണപ്പെടുന്നത്. മാനുഷകത്തിന്റെ ആദർശമായി എക്കാലത്തും സമാധാനം ഉണ്ടായിരുന്നു. എന്നാൽ യുദ്ധങ്ങളുടേതാണ് ചരിത്ര യാഥാർത്ഥ്യം.
ആദർശങ്ങൾ വിട്ടുവീഴ്ചകളില്ലാത്തതും ഉന്നതങ്ങളും ആയിരിക്കണമെന്ന കാഴ്ചപ്പാട് നല്ലതുതന്നെ. എന്നാൽ നക്ഷത്രങ്ങൾ ദിശാസൂചകങ്ങളാകുന്നതു പോലെയെങ്കിലും ജീവിതയാത്രയുമായി അവയ്ക്ക് ബന്ധമില്ലെങ്കിൽ ആ ദർശനങ്ങൾ തികച്ചും നിഷ്ഫലങ്ങളാണ്. വിദ്യാഭ്യാസ രംഗത്ത് അക്കാര്യം കൂടുതൽ പ്രസക്തവുമാണ്. ദർശനങ്ങൾ പ്രായോഗിക തലത്തിലെ വിശദാംശങ്ങളിലേക്ക് വെളിച്ചം വീശാത്തിടത്തോളം അവ നിഷ്പ്രയോജനങ്ങളായി തന്നെ നിലകൊള്ളും. നാം പിൻതുടരുന്നത് ഏതു ദർശനത്തെയായാലും അതിന്റെ അന്തസത്തയെ വിദ്യാഭ്യാസ പ്രക്രിയയിലേക്ക് ആനയിക്കാൻ സാധിക്കുന്നുണ്ടോ എന്നതാണ് പ്രസക്തം. നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ മുന്നോട്ടു വയ്ക്കുന്ന പ്രായോഗിക തലത്തിലുള്ള ദാർശനികത എന്താണ് എന്നത് പ്രസിദ്ധമാണ്.
ആരംഭത്തിൽ സൂചിപ്പിച്ച ഉദാഹരണത്തിലേതുപോലെ, ഏറ്റവും മികച്ച വിദ്യാർത്ഥികൾ ഐഎഎസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാകുന്നതിന് യഥാർത്ഥ കാരണം വിദ്യാഭ്യാസ ദർശനങ്ങളുടെ മഹത്വക്കുറവല്ല, ആ ദർശനങ്ങൾക്കനുസരിച്ചല്ല വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളത് എന്നതു കൊണ്ടാണ്. പണ്ടേയുള്ള പതിവു വിമർശനമാണ്, നാം പിൻതുടരുന്നത് മെക്കാളെ ഇന്ത്യയിൽ അടിച്ചേല്പിച്ച ആധുനിക വിദ്യാഭ്യാസ പ്രക്രിയയാണ് എന്നത്. ഗുമസ്തൻമാരെ സൃഷ്ടിക്കാൻ രൂപകല്പന ചെയ്ത ആ പദ്ധതിയനുസരിച്ച് മികച്ച വിദ്യാർത്ഥികൾ മികച്ച ഗുമസ്തൻമാരാകുന്നതിൽ അത്ഭുതപ്പെടാനില്ല. ഏറ്റവും മികച്ച വിദ്യാർത്ഥികൾ ഏറ്റവും മികച്ച ഗുമസ്തൻമാരായ ഐഎഎസുകാരാകുന്നതും സ്വാഭാവികം മാത്രം. ചുരുക്കത്തിൽ, പ്രായോഗികതലത്തിലുള്ള നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ മുന്നോട്ടു വയ്ക്കുന്ന ദർശനം മനുഷ്യന്റെ സർവ്വതോൻമുഖമായ വികാസമല്ല, മറിച്ച് മനുഷ്യരെ മികച്ച ഗുമസ്തരാക്കുന്ന ദർശനം മാത്രമാണ്.
വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്ക്കാരങ്ങൾ ഇക്കാലയളവിൽ വന്നുകഴിഞ്ഞെങ്കിലും ആ പഴയ വിദ്യാഭ്യാസ പദ്ധതിയെ നാം ലക്ഷ്യം വയ്ക്കുന്ന ദർശനങ്ങൾക്കനുസൃതമായി അടിമുടി പൊളിച്ചെഴുതാൻ പറ്റുന്ന ഒരു പരിഷ്ക്കരണം ഇനിയും വന്നിട്ടില്ല.
(തുടരും)
Comments
Post a Comment