*വിദ്യാഭ്യാസ പദ്ധതി: ഉദാത്ത ദർശനങ്ങളും പ്രായോഗിക യാഥാർത്ഥ്യങ്ങളും* (ഭാഗം 15)
15. മാതാ പിതാ ഗൂഗിൾ ദൈവം.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലത്തു കൂടിയാണ് നാം കടന്നു പോകുന്നത്. കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ രൂപപ്പെടുത്തിയ ഇന്നത്തെ ഓൺലൈൻ ക്ലാസുകൾ ഒരു താത്ക്കാലിക സംവിധാനം മാത്രമാണ്. സാങ്കേതിക പര്യാപ്തിയുള്ള മാതാപിതാക്കളുടെ കുട്ടികൾക്കാണ് ഇതിന്റെ മെച്ചം കിട്ടുക. ടിവിയും സ്മാർട് ഫോണും നൽകി ഈ പര്യാപ്തി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ പല ഭാഗത്തു നിന്നുമുണ്ടായത് നമ്മുടെ സമൂഹം വിദ്യാഭ്യാസത്തിനു നൽകുന്ന പ്രാധാന്യത്തിന്റെ മികച്ച ലക്ഷണമാണ്. ഇത്തരത്തിൽ സാങ്കേതിക സൗകര്യങ്ങൾ ആർജ്ജിച്ചാലും ക്ലാസുകൾ ശ്രദ്ധയോടെ കേട്ട് സാധ്യമായത്ര മികച്ച രീതിയിൽ പ്രതികരികുന്നവർ ശരാശരി നിലവാരത്തിൽ പെട്ട ഒരു നിര വിദ്യാർത്ഥികൾ മാത്രമാണ്. ശരാശരിയിൽ താഴ്ന്ന നിലവാരത്തിലുള്ള പഠിതാക്കൾ ക്ലാസ് ഉൾക്കൊള്ളാനാവാത്തതിനാലും, ശരാശരിയിലും മികച്ച പഠിതാക്കൾ തങ്ങളുടെ ആകാംക്ഷകളെ തൃപ്തിപ്പെടുത്താൻ ക്ലാസ്സിനു സാധിക്കാത്തതിനാലും ഓൺലൈൻ പഠനത്തോട് നിശ്ശേഷം നിസ്സഹകരിക്കുന്നു. താന്താങ്ങളുടെ സ്കൂളുകളിൽ നിന്ന് ക്ലാസ് അധ്യാപകർ ഇടപെടുന്നതിന്റെ തോതനുസരിച്ചു മാത്രമാണ് ഈ വിഭാഗങ്ങൾ ഓൺലൈൻ പഠനത്തോട് അനുകൂലമായി പ്രതികരിക്കുകയുള്ളു. പെട്ടെന്ന് രൂപപ്പെട്ട പ്രതികൂല സാഹചര്യത്തെ നേരിടാൻ വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ആരംഭിച്ച സംവിധാനമല്ലാത്തതിനാൽ ഇതിലപ്പുറം ഇതിൽ നിന്നു പ്രതീക്ഷിക്കുന്നതും നീതിയല്ല.
ഇപ്പോൾ ഈ പഠന രീതി വഴി അറിവിന്റെ കൈമാറ്റമാണ് നടക്കുന്നത്. പഠിതാവ് അറിവു നിർമ്മിക്കുന്ന തലത്തിലേക്ക് പഠന പ്രക്രിയ മാറണമെങ്കിൽ സാമൂഹിക സാഹചര്യങ്ങൾ ഒരുക്കാൻ പഠന പ്രക്രിയയിലൂടെ സാധിക്കണം. വളരെ ചെറിയ അളവിലേ അത് സാധ്യമാകുന്നുള്ളു. അറിവിന്റെ കേവലമായ കൈമാറ്റമല്ല യഥാർത്ഥ വിദ്യാഭ്യാസ പ്രക്രിയ ലക്ഷ്യം വയ്ക്കുന്നത്. പഠിതാവിന് ഏതു വിഷയത്തിൽ അറിവു നേടണമെങ്കിലും അധ്യാപകരേക്കാൾ ആശ്രയിക്കാവുന്നതായി ഇന്ന് ഗൂഗിളും വിക്കിപ്പീഡിയയും ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങളുണ്ട്. മാതാ പിതാ ഗുരു ദൈവം എന്ന ചൊല്ലിനെ 'മാതാ പിതാ ഗൂഗിൾ ദൈവം' എന്നു ചില രസികർ കാനുസൃതമായി പരിവർത്തിപ്പിച്ചതിന്റെ കാരണം ഇതാണ്. ഫലിതത്തിനപ്പുറം, അധ്യാപകന്റെയും വിദ്യാഭ്യാസ പ്രക്രിയയുടെയും പ്രാധാന്യം ഇന്റർനെറ്റ് വന്നതോടെ നഷ്ടപ്പെട്ടുവെന്ന് ചിലർ കരുതുന്നു എന്ന് ഇതു വ്യക്തമാക്കുന്നു.
എന്നാൽ യഥാർത്ഥത്തിൽ അധ്യാപകർ ചെയ്യേണ്ടത് പഠിതാവിന്റെ അന്വേഷണ നൈപുണിയെ വളർത്തിയെടുക്കുകയും ചിട്ടപ്പെടുത്തുകയുമാണ്. പഠിതാവ് സ്വയം വിവരങ്ങൾ ആർജ്ജിച്ചു കൊള്ളും. അന്വേഷണ നൈപുണി വളരാത്ത പഠിതാവിന് ഇന്റർനെറ്റോ എൻസൈക്ലോപീഡിയയോ ഒരു പ്രയോജനവും ചെയ്യില്ലെന്നു മാത്രമല്ല, വിപരീത ഫലം ചെയ്യുകയുമാകാം. ഒപ്പം പഠിതാവിന്റെ ചിന്താപ്രക്രിയയെ ശരിയായി പോഷിപ്പിക്കുകയും ശാസ്ത്രീയ മനോവൃത്തിയിലേക്ക് അതിനെ പരിവർത്തനം ചെയ്തെടുക്കുകയും ചെയ്യാൻ വിദ്യാഭ്യാസ പദ്ധതിയ്ക്കാകണം. അല്ലാത്തപക്ഷം, അഭ്യസ്തവിദ്യരായ അന്ധവിശ്വാസികളെ കൊണ്ട് നാട് നിറയും. പുതിയ അറിവുകളെ വിമർശിക്കാനും ചോദ്യം ചെയ്യാനും തന്റേതായ വിധത്തിൽ വ്യാഖ്യാനിക്കാനും പഠിതാവിന് സാധിക്കാത്ത പക്ഷം വിദ്യാഭ്യാസ പ്രക്രിയ പ്രയോജനരഹിതമാണ്. അതിനാൽ ഒരു വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നൽകുമ്പോൾ, അത് പരമാവധി വിവരങ്ങളെ കൈമാറ്റം ചെയ്യാൻ തക്കവിധം അറിവിനെ കുത്തി നിറച്ചതാക്കാനല്ല, അറിവിനെ കണ്ടെത്താനും ചോദ്യം ചെയ്യാനും പുനർനിർമ്മിക്കാനും വിവേകപൂർവ്വം തെരഞ്ഞെടുക്കാനും ശേഷിയുള്ള സർഗ്ഗാത്മകവും വൈകാരിക സമതുലിതവുമായ ധീരമസ്തിഷ്ക്കങ്ങളെ സൃഷ്ടിക്കുക ലക്ഷ്യം വച്ചുള്ളതാകണം.
- പി.എസ്.ശിവദാസൻ
Comments
Post a Comment