*വിദ്യാഭ്യാസ പദ്ധതി: ഉദാത്ത ദർശനങ്ങളും പ്രായോഗിക യാഥാർത്ഥ്യങ്ങളും* (ഭാഗം 11,12)
11. സാംസ്ക്കാരിക വിദ്യാഭ്യാസവും മൂല്യങ്ങളുടെ പുനർനിർമ്മാണവും
പുതിയ വിദ്യാഭ്യാസ നയത്തിനു മേലുള്ള ഏറ്റവും പ്രധാന ആരോപണം, അത് കാവിവൽക്കരണത്തിന്റെ ആയുധമായി പ്രവർത്തിക്കും എന്നുള്ളതാണ്. നിലവിലെ നയത്തിൽ പ്രതിപാദിച്ച ഭാഗങ്ങൾ മനസിലാക്കിയിടത്തോളം ഭരണകൂടത്തിന്റെ താത്പര്യത്തിനനുസൃതമായിരിക്കും അത്തരം സാധ്യതകൾ എന്നാണ് കാണുന്നത്.
ലോകം അംഗീകരിക്കുന്ന ആധുനിക വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാണ് സാംസ്കാരിക സഞ്ചയത്തിന്റെ കൈമാറ്റവും അതിനെ പുതിയ കാലവുമായി ചേർത്തു വച്ചുള്ള അറിവിന്റെ നിർമ്മാണവും. ഭാഷയുൾപ്പെടെയുള്ളവ സാമൂഹികമായി പോഷിപ്പിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്ന സാംസ്ക്കാരിക ഉപകരണങ്ങളായി വിഗോഡ്സ്കി ചൂണ്ടിക്കാട്ടുന്നു. ഒരു സമൂഹം കാലങ്ങളായി അത് ആർജ്ജിച്ച അറിവിനെ പുതിയ തലമുറയ്ക്ക് കൈമാറ്റം ചെയ്യേണ്ടതുണ്ട് എന്നത് അത്തരത്തിൽ ശരിയാണു താനും. ഇന്ത്യയുടെ സാംസ്കാരിക സഞ്ചയം ശേഖരിക്കപ്പെട്ടിട്ടുള്ളത് ക്ലാസിക് പദവി ലഭിച്ച ഭാഷകളിലും പ്രാകൃതം, പാലി, പേർഷ്യൻ തുടങ്ങിയ ഭാഷകളിലുമായതിനാൽ അവ പഠിക്കുന്നതിനും അതേ ഭാഷകളിലേക്ക് പുതിയ അറിവുകളെയും, ആ ഭാഷകളിലെ പഴയ അറിവുകൾ പുതിയ കാലത്തെ വൈജ്ഞാനിക സഞ്ചയത്തിലേക്കും ചേർത്തു വയ്ക്കുന്നത് അവശ്യം വേണ്ടതു തന്നെയാണ്. അത്തരം ഭാഷകളുടെ പഠനത്തിനു നൽകുന്ന പ്രോത്സാഹനം പഴയ അറിവുകളിൽ ഇന്നത്തെ നിലയിൽ മൂല്യമുള്ള വല്ലതുമുണ്ടെങ്കിൽ കണ്ടെത്താനും നമ്മുടെ ചരിത്രത്തിൽ കൂടുതൽ വെളിച്ചം പകരാനും സഹായിക്കും എന്നതും നിഷേധിക്കേണ്ടതില്ല.
അതേസമയം ഇതിൽ ഏതെങ്കിലും ഒരു ഭാഷയിലേക്കോ ഏതെങ്കിലും ഒരു സാംസ്ക്കാരിക പാരമ്പര്യത്തിലേക്കോ മാത്രം പഠനത്തിന്റെ ഊന്നൽ ചുരുക്കാനോ, ഏതെങ്കിലും ചിലതൊഴിച്ചുള്ളവയ്ക്ക് വേണ്ടത്ര പ്രോത്സാഹനം നൽകാതിരിക്കാനോ, ഇപ്പോഴുള്ളതോ തുടർന്നു വരുന്നതോ ആയ ഭരണകൂടങ്ങൾക്ക് സാധിച്ചേക്കാം. അത് ഇന്ത്യയുടെ വൈവിധ്യപൂർണ്ണമായ സാംസ്ക്കാരിക പാരമ്പര്യത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കും എന്നതിൽ സംശയമില്ല. ഇത്തരം പഠനങ്ങൾ പൂർവ്വകാലത്തേക്ക് വെളിച്ചം പകരുക എന്നത് ലക്ഷ്യമിട്ടാകണം നിർവ്വഹിക്കേണ്ടത്. വർത്തമാനകാലത്ത് ഇരുട്ടു പരത്താനായി ഈ പഠനങ്ങൾ ഉപയോഗപ്പെടുത്തിക്കൂടാ.
പഴയ സംസ്ക്കാരത്തിന്റെയും ചരിത്രത്തിന്റെയും പഠനം അക്കാലത്തെ മൂല്യങ്ങളുടെ പുന:സ്ഥാപനത്തിനോ വീണ്ടെടുപ്പിനോ ആയിട്ടല്ല നിർവ്വഹിക്കേണ്ടത്. ആ മൂല്യങ്ങളുടെ കാലം തീർച്ചയായും മാറിക്കഴിഞ്ഞു. അതിൽ കാലിക പ്രസക്തമെന്നു പ്രത്യക്ഷത്തിൽ തോന്നുന്ന മൂല്യങ്ങൾ പോലും പുതിയ കാലത്തെ അറിവിനോടു മാറ്റുരച്ച് പുനർനവീകരണത്തിനു വിധേയമാക്കേണ്ടതുണ്ട്. ഇവിടെ അത്തരത്തിലൊരു സാംസ്ക്കാരിക നിർദ്ധാരണ പ്രക്രിയ നടക്കുമോ എന്ന കാര്യം രാഷ്ട്രീയ കാരണങ്ങളാൽ സംശയനിഴലിലാണ് എന്നു വിമർശകർ ആവർത്തിക്കുന്നു.
12. അറിവും മൂല്യബോധവും
നിലവിലെ വിദ്യാഭ്യാസ പ്രക്രിയയിൽ മൂല്യബോധത്തിന്റെ നവീകരണത്തെ പറ്റി ചിന്തിക്കുന്നതിന് ഇടമില്ലെന്നു മാത്രമല്ല, വിപരീതാനുപാതത്തിലുള്ള മൂല്യാർജ്ജനമാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ കാണുന്നത്. സുഹൃത്തും പത്രപ്രവർത്തകനുമായ ശ്രീ.അരുൺ എഴുത്തച്ഛൻ ഒരു അന്വേഷണത്തിന്റെ ഭാഗമായി നിരവധി മുതിർന്ന ആളുകളോട് ഒരു പ്രശ്ന സന്ദർഭം ഉയർത്തി മറുപടി തേടുകയുണ്ടായി. ഇങ്ങനെയായിരുന്നു ആ പ്രശ്നം: 'താങ്കൾക്ക് പ്ലസ് ടുവിന് പഠിക്കുന്ന ഒരു കുട്ടിയുണ്ടെന്നു കരുതുക. പഠനം നല്ല നിലയിൽ പൂർത്തിയാക്കി കുട്ടി ഒടുവിൽ പബ്ലിക് പരീക്ഷ എഴുതുന്നതിനായി സ്കൂളിലേക്ക് പോവുകയാണ്. ഡ്രൈവർക്കൊപ്പം ഒരു കാറിലാണ് യാത്ര. വിജനമായ ഒരു മേഖലയിൽ വാഹനമെത്തിയപ്പോൾ അപകടത്തിൽ പെട്ട് ചോരയിൽ കുളിച്ചു കിടക്കുന്ന ഒരാളെ അവർ കാണുന്നു. കാറുണ്ട്. ഇപ്പോൾ അയാളെ ആശുപത്രിയിലെത്തിച്ചാൽ രക്ഷിക്കാനായേക്കും. പക്ഷേ, അതിനു ശ്രമിച്ചാൽ പരീക്ഷ എഴുതാനാകില്ല. താങ്കൾ കുട്ടിക്ക് എന്തു ചെയ്യാനുള്ള നിർദ്ദേശമാണ് നൽകുക?' ഇതായിരുന്നു ചോദ്യം. മറുപടി പറഞ്ഞവരിൽ ഒരാളൊഴികെ എല്ലാവരും പറഞ്ഞത് കുട്ടി പ്രാധാന്യം നൽകേണ്ടത് പരീക്ഷ എഴുതുന്നതിനാണ് എന്നാണ്. അപകടത്തിൽ പെട്ടയാളെ അതുവഴി വരുന്ന മറ്റാരെങ്കിലും രക്ഷിച്ചു കൊള്ളും എന്നവർ ആശ്വസിപ്പിക്കുകയും ചെയ്തു. 'അപകടത്തിൽ പെട്ടയാളെ രക്ഷിക്കാനാണ് ഞാൻ എന്റെ കുട്ടിയോട് നിർദ്ദേശിക്കുക. പരീക്ഷ പിന്നെയും എഴുതാമല്ലോ' എന്നു മറുപടി പറഞ്ഞ ആ ഒരാളോട് വിശദാംശങ്ങൾ തിരക്കിയപ്പോൾ അദ്ദേഹം വിവാഹിതനുമല്ല, കുട്ടികളുമില്ല എന്നു മനസിലായി. പഠിക്കുന്ന കുട്ടികളുള്ള ഓരോരുത്തരും എന്തു മൂല്യത്തിനാണ് പ്രാധാന്യം നൽകുന്നത് എന്ന് ഇവിടെ വ്യക്തമാണ്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിന് അടിപ്പെട്ട രക്ഷിതാക്കളെ സംബന്ധിച്ച് മഹാരഥൻമാരായ ദാർശനികർ മുന്നോട്ടു വച്ച വിദ്യാഭ്യാസലക്ഷ്യത്തേക്കാൾ എത്രയോ മൂല്യവത്താണ് ഒരു പരീക്ഷാവിജയം എന്ന് ഈ ഉദാഹരണത്തിൽ വ്യക്തമാകുന്നു. ഇതേ പ്രശ്ന സന്ദർഭം മറ്റൊരാളുമായി പങ്കുവച്ചപ്പോൾ, കുട്ടി ഡ്രൈവർക്കൊപ്പം കാറിൽ പോകുന്നു എന്നു പറയുന്നതിനു പകരം കുട്ടി സ്വയം കാറോടിച്ച് പോയപ്പോൾ എന്ന രീതിയിലാണ് പ്രശ്നം ഉന്നയിച്ചത്. 18 വയസു തികയാത്ത കുട്ടി കാറോടിക്കുന്നതിലെ നിയമ പ്രശ്നം രക്ഷിതാവ് ചൂണ്ടിക്കാട്ടിയപ്പോൾ, ഒന്നോ രണ്ടോ വർഷം തോറ്റ് 18 വയസ് പിന്നിട്ടയാളാണ് കുട്ടി എന്ന് കരുതിക്കോളൂ എന്നു ചോദ്യകർത്താവ് പറഞ്ഞു. 'തോറ്റു കിടക്കുന്ന കുട്ടി ആളെ രക്ഷിച്ചാലും കുഴപ്പമില്ല' എന്ന രീതിയിലായിരുന്നു അപ്പോൾ രക്ഷിതാവിന്റെ മറുപടി.
മികച്ച വിദ്യാഭ്യാസം നേടുന്നവർ മനുഷ്യ ജീവന് പുല്ലുവിലയാണ് നൽകുക എന്നും തന്റെ കാര്യം സുരക്ഷിതമാകുകയാണ് അവരുടെ ലക്ഷ്യമെന്നും മാത്രമല്ല, നിസ്വാർത്ഥവും സമൂഹ നൻമയെ കരുതിയുള്ളതുമായ പ്രവർത്തികൾ തോറ്റു പോകുന്നവരുടെ ചുമതലയാണെന്നും നാം തീർച്ചപ്പെടുത്തിയ കാലഘട്ടമാണിത്.
കുട്ടികളിലേക്ക് മൂല്യബോധം പകരേണ്ട അധ്യാപകരിൽ ചിലരാകട്ടെ, കോഴപ്പണം നൽകി ജോലി സമ്പാദിക്കാനുള്ള സാധ്യതയെ പ്രയോജനപ്പെടുത്തിയാണ് ഈ രംഗത്തെത്തിയത് എന്നത് അവസ്ഥ കൂടുതൽ ദയനീയമാക്കുന്നു.
(തുടരും)
Comments
Post a Comment