ഇന്ത്യയിൽ നിരവധി മതങ്ങൾ ഉണ്ടായിരുന്നു. വെറുതെയിരുന്ന് ചിന്തിക്കാൻ സമയവും സൗകര്യവുമുള്ള ഒരു വിഭാഗം ആളുകൾ ഉണ്ടായിരുന്നതുകൊണ്ടാവാം ഇത്രയേറെ മതങ്ങൾ ഇവിടെ രൂപപ്പെട്ടത്. ആശയപരമായും കായികമായും തമ്മിലടിച്ചും തലോടിയും അവർ കഴിഞ്ഞു വന്നു. ഇതിൽ വേദത്തെ അംഗീകരിക്കുന്ന നിരവധി മതങ്ങളും വേദത്തെ അംഗീകരിക്കാത്ത മതങ്ങളും ഉണ്ടായിരുന്നു. ഒട്ടേറെ ദ്രാവിഡ മതങ്ങൾ ഉണ്ടായിരുന്നു. പൗരോഹിത്യം രാഷട്രീയ അധികാരത്തോട് ചേർന്നു നിന്നതിനാൽ പൗരോഹിത്യത്തിനു പ്രാധാന്യമുള്ള വൈദിക മതത്തിന് മേൽക്കോയ്മ ലഭിച്ചിരുന്നു. * * * അരുവിപ്പുറം ശിവപ്രതിഷ്ഠയും ക്ഷേത്രപ്രവേശന വിളംബരവും മറ്റും പുരോഗമനപരമെന്നു പറയുമ്പോൾ തന്നെ ഫലത്തിൽ, വിവിധ ദ്രാവിഡമതങ്ങളിൽ പെട്ട വലിയൊരു വിഭാഗം ജനതയെ വൈദിക ബ്രാഹ്മണമതത്തിലേക്ക് നൈസായിട്ട് മതംമാറ്റുന്ന ചടങ്ങായാണത് അനുഭവപ്പെട്ടത്. ആ മതങ്ങൾ ഒക്കെത്തന്നെ നിശേഷം ഇല്ലാതായി. അവരുടെ അവക്ഷിപ്ത ആചാരങ്ങൾ പ്രകടിപ്പിക്കുന്ന ബഹുസ്വരത മാത്രമാണ് ഹിന്ദു മതത്തിലെ കൊണ്ടാടപ്പെടുന്ന മഹത്തായ വൈവിധ്യം. അതും മെല്ലെ മെല്ലെ ഇല്ലാതാവുകയാണ്. കാവുകളിലും മുത്തപ്പൻ കെട്ടിയാടുന്നിടത്തും വരെ വൈദിക ചടങ്ങുകൾ കടന്നുകയറിത്തുടങ്ങി....