*വിദ്യാഭ്യാസ പദ്ധതി: ഉദാത്ത ദർശനങ്ങളും പ്രായോഗിക യാഥാർത്ഥ്യങ്ങളും* (ഭാഗം 5)
5. തൊഴിൽ നൈപുണിക്കുള്ള പ്രാധാന്യം.
പഠിതാവ് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാകുന്നതോടെ തെരഞ്ഞെടുത്ത ഒരു തൊഴിലിൽ നൈപുണ്യം നേടുകയും ജീവസന്ധാരണത്തിന് അത് സഹായകമാവുകയും ചെയ്യുന്നു എന്ന് NEP 2020 അവകാശപ്പെടുന്നു.
നൈപുണി വികസനം വളരെ നല്ല ആശയമാണ്. വേലയിൽ വിളയുന്ന വിദ്യാഭ്യാസമാണ് ഗാന്ധിജി പോലും വിഭാവനം ചെയ്തിരുന്നത്. ഇതുവരെ നാം തുടർന്നു പോന്ന വിദ്യാഭ്യാസപദ്ധതി വച്ചുതന്നെ സാധാരണ ഒരാൾക്ക് ജീവിതത്തിൽ അവശ്യം ആവശ്യം വരിക ഏഴാം ക്ലാസോടെ പഠിച്ചെടുക്കേണ്ട ഭാഷ, ശാസ്ത്രം, ഗണിതം എന്നിവ മാത്രമാണ്. ഭാഷയിലോ സാഹിത്യത്തിലോ താത്പര്യമുള്ളവർക്ക് മാത്രമേ തുടർന്ന് ഇന്നത്തെ നിലയിലുള്ള ഭാഷാ പഠനം വേണ്ടതുള്ളു. ഗണിതത്തിലോ ശാസ്ത്രത്തിലോ ഉപരിപഠനം നടത്തേണ്ടാത്തവർക്ക് സൈനും കോസും മെട്രിക്സുമെല്ലാം അനാവശ്യമായ അധികഭാരങ്ങളാണ്. പുതിയ പദ്ധതിയിൽ അവശ്യ അടിസ്ഥാന അറിവുകൾ നൽകിയ ശേഷം ഓരോ കുട്ടിയുടേയും അഭിരുചികൾ മനസിലാക്കി നൈപുണി വികസനത്തിനും തൊഴിൽ പര്യാപ്തിക്കുമുതകുന്ന പരിശീലനം നൽകാനാവും.
ഇവിടെ ചോദ്യം ഉയരുന്നു - നാം വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്താണ്? വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുക എന്നതാണോ? NEP 2020 ന്റെ പ്രാഥമിക ഘടനയിൽ നിന്ന് മനസിലാക്കേണ്ടത് അങ്ങനെയാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് അവർക്കു വേണ്ട ഗുമസ്തൻമാരെ സൃഷ്ടിക്കാൻ ഉപയോഗിച്ച വിദ്യാഭ്യാസ പദ്ധതി, ഇപ്പോൾ കാലാനുസൃതമായി വൻകിട കോർപ്പറേറ്റുകൾക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി പൊളിച്ചു വാർത്തതായാണ് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നത്.
ഈ മാറ്റം രാജ്യത്തിനു ഗുണകരമാണോ എന്നു ചോദിച്ചാൽ, പഴയതിനേക്കാൾ ഭേദം എന്ന് പറയേണ്ടി വരും. ഗുമസ്ത നിർമ്മാണ പ്രക്രിയയുടെ ഭാഗമായി പുറത്തു വന്ന ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർ തൊഴിൽരഹിതരായി ഇവിടെ നിലകൊള്ളുകയായിരുന്നു. അവരാകട്ടെ മനോഭാവം കൊണ്ട് വെള്ളക്കോളർ ജോലി മാത്രമേ സ്വീകരിക്കാൻ തയ്യാറുമുണ്ടായിരുന്നുള്ളു. ഇതുമൂലം രാജ്യത്തിന്റെ മനുഷ്യവിഭവശേഷി വലിയ തോതിൽ പാഴായി പോകുകയായിരുന്നു ഇക്കാലമത്രയും. ഈ അധ്വാനശേഷി രാജ്യത്തിനും ജനതയ്ക്കും പ്രയോജനപ്പെടുന്ന വിധം വഴിതിരിച്ചുവിടാൻ പുതിയ നയം സഹായകമായിരിക്കും. എന്നാൽ ആദ്യം പ്രസ്താവിച്ച വിധമുള്ള, വിദ്യാഭ്യാസത്തിന്റെ മഹത്തായ ലക്ഷ്യവും പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യവും തികച്ചും വേറിട്ട രണ്ട് തലങ്ങളിൽ തന്നെ തുടരുകയാണ്.
(തുടരും)
Comments
Post a Comment