*വിദ്യാഭ്യാസ പദ്ധതി: ഉദാത്ത ദർശനങ്ങളും പ്രായോഗിക യാഥാർത്ഥ്യങ്ങളും* (ഭാഗം 13,14)
13. ശിക്ഷണവും പീഡനവും കുട്ടികളുടെ അവകാശങ്ങളും
കുട്ടികളുടെ അവകാശങ്ങൾക്ക് വളരെ പ്രധാന്യമുള്ള ഇക്കാലത്ത് കുട്ടികളെ വടി കൊണ്ട് അടിക്കുന്നതോ, വഴക്കു പറയുന്നതോ ദേഷ്യപ്പെട്ട് നോക്കുന്നതോ പോലും കുറ്റകരമായാണ് കണക്കാക്കുന്നത്. വലിയ അക്കാദമിക് ഭാരമാണ് അധ്യാപകർക്ക് മേലുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ ആ പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കുക എന്ന വെല്ലുവിളി പൂർത്തിയാക്കുന്നതിനിടെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലൊന്നും ശ്രദ്ധ പതിപ്പിക്കാൻ നിലവിലെ വ്യവസ്ഥയിൽ അധ്യാപകർക്ക് സമയമോ താത്പര്യമോ ഇല്ല. ഇത് കുട്ടികളെ സാമൂഹിക വിരുദ്ധരും ലഹരി പദാർത്ഥങ്ങൾക്ക് അടിമകളും ആക്കുന്നതിന് സാധ്യത വർധിപ്പിക്കുന്നു. അഥവാ അതിന് ശ്രമിക്കുന്നവരാകട്ടെ കാലത്തിനുതകുന്ന മൂല്യബോധത്തെ നിർമ്മിക്കാൻ സഹായിക്കുന്നതിനു പകരം
സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന സദാചാര പോലീസുകാരായാണ് കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇതും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുനത്.
കുട്ടികളിൽ മൂല്യബോധം നിർമ്മിച്ചെടുക്കാവുന്ന പഠന സന്ദർഭങ്ങളിലൂടെ കടത്തിവിടുക എന്നത് ലളിതമായ കാര്യമല്ല. അങ്ങനെ ചെയ്യുമ്പോൾ പോലും എല്ലാ മാനസിക തലത്തിലും പെട്ട കുട്ടികൾക്ക് ആ സന്ദർഭങ്ങൾ പ്രയോജനം ചെയ്യണമെന്നില്ല. കാര്യകാരണങ്ങളും അനന്തര ഫലങ്ങളും പറഞ്ഞ് ബോധ്യപ്പെടുത്തിയാൽ തെറ്റായ സ്വഭാവത്തിൽ നിന്ന് പിന്തിരിയാനുള്ള വിവേകം എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ആർജ്ജിച്ചിട്ടുണ്ടാകണമെന്നുമില്ല. സ്വാഭാവികമായും കുട്ടികളെ പഴയ വിദ്യാഭ്യാസ മാതൃകകളിലുടെയും പരുവപ്പെടുത്തേണ്ടി വന്നേക്കാം.
ചില മനശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നത്, വ്യവഹാര വാദ മാതൃകയായ അനുകൂല പ്രബലനത്തിലൂടെ (സമ്മാനങ്ങളും മറ്റും നൽകി - Positive reinforcement) മികച്ച ശീലത്തിലേക്ക് നയിക്കാം എന്നാണ്. പ്രതികൂല പ്രബലനങ്ങൾ കുട്ടിയെ മാനസികമായും ശാരീരികമായും മുറിപ്പെടുത്തും എന്നും അവർ വാദിക്കുന്നു. ചിലർ ശാരീരിക ശിക്ഷകളെ അംഗീകരിക്കുന്നില്ലെങ്കിലും, കുട്ടിയെ കളികളിൽ ഉൾപ്പെടുത്താതിരിക്കുക, ഒറ്റപ്പെടുത്തി നിർത്തുക തുടങ്ങിയ പ്രതികൂല പ്രബലനങ്ങൾ ആകാം എന്നു വാദിക്കുന്നു. എന്നാൽ അത്തരം പ്രതികൂല പ്രബലനങ്ങൾ ശാരീരിക ശിക്ഷയേക്കാൾ മാനസികമായി കുട്ടിയെ തകർക്കുമെന്നാണ് നാം മനസിലാക്കേണ്ടത്.
മാനസികമായും ശാരീരികമായും കുട്ടിക്ക് താങ്ങാനാവുന്ന ശിക്ഷകൾ നൽകുന്നതിൽ തെറ്റില്ല എന്നാണ് എന്റെ വാദം. സമ്മാനവാദികൾ മനസിലാക്കേണ്ടത്, 'പ്രലോഭനം' പോലെ തന്നെ ജീവികളുടെ അതിജീവനത്തിനു സഹായിക്കുന്ന ഒരു വികാരം തന്നെയാണ് 'ഭയ'വും. ഭയവും കുട്ടി പരിശീലിക്കേണ്ട വികാരമാണ്. ശാരീരികവും മാനസികവുമായ ചെറിയ ശിക്ഷകൾ വിദ്യാഭ്യാസ കാലത്ത് അവർക്ക് ലഭിച്ചില്ലെങ്കിൽ, ജീവിതം നൽകുന്ന ശാരീരികമോ മാനസികമോ ആയ താഡനങ്ങൾ ഏറ്റുവാങ്ങാനാവാതെ അവർ തളർന്നു വീഴും. അതേസമയം, ആ ശിക്ഷണ രീതികൾ അവരുടെ മനസും ശരീരവും മുറിപ്പെടുത്തി ഭാവി തന്നെ തകർക്കുന്ന വിധം പീഡനമായി മാറാതിരിക്കേണ്ടതുമുണ്ട്. അതായത് ഒരു ശിക്ഷയും അധ്യാപകരുടെ ഈഗോയുടെയോ വൈകാരികതയുടേയോ പ്രതിഫലനമാകരുത്. ഇത് പഠിതാവിന്റെ വൈകാരിക ശേഷി വികസനത്തിനുള്ള പദ്ധതി എന്ന നിലയിൽ കൂടി വേണം പ്രയോഗവൽക്കരിക്കാൻ. അതിന് കൃത്യമായ മാർഗ്ഗരേഖ ഉണ്ടാകേണ്ടതുണ്ട്. അധ്യാപകർക്ക് കൃത്യമായ പരിശീലനവും ലഭ്യമാക്കേണ്ടതുണ്ട്.
ഭാവിയിൽ വരാൻ സാധ്യതയുള്ള മാരക രോഗത്തെ തടയാൻ ഒരു വിദഗ്ധ ഡോക്ടർ പ്രതിരോധ വാക്സിൻ നൽകുന്നതു പോലെയാകണം കുട്ടികൾക്കുള്ള ശിക്ഷ. കുത്തിവയ്പിനെ ശാരീരിക പീഡനമായോ അതുമൂലമുള്ള വേദനയും ഭയവും മാനസിക പീഡനമായോ നാം കാണാറില്ല. കാരണം അത് കുട്ടിക്ക് താങ്ങാവുന്നതാണ്. അതിൽ നിന്ന് കുട്ടിക്കും സമൂഹത്തിനും ലഭിക്കുന്ന ഫലം വളരെ വലുതാണ്. ഇതാകണം വിദ്യാഭ്യാസ കാലത്തെ ശിക്ഷകളുടെ രീതി. കുട്ടികളുടെ അവകാശങ്ങൾ അവരുടെ തന്നെ ഭാവിയെ തകർക്കും വിധം അതിരു കടക്കരുത് എന്ന കാര്യം ശ്രദ്ധിക്കണം.
14. ലിംഗ നീതിയും ലൈംഗിക വിദ്യാഭ്യാസവും
പുതിയ വിദ്യാഭ്യാസ നയത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത പല ഭാഗങ്ങളിലായി എടുത്തു പറയുന്നുണ്ട്. പിന്നോക്ക ട്രൈബൽ വിഭാഗങ്ങൾ, പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങൾ, ശാരീരികമോ മാനസികമോ മറ്റു വിധത്തിലോ പ്രത്യേക പരിഗണനയർഹിക്കുന്ന വിഭാഗങ്ങൾ, ട്രാൻസ്ജെൻഡറുകൾ തുടങ്ങി വിവിധ മേഖലകളെ പല ഭാഗങ്ങളിലായി പരാമർശിക്കുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സുരക്ഷയ്ക്കും പ്രത്യേക പരിഗണനയും നൽകി കാണുന്നു. നയത്തിലെങ്കിലും ഇത്തരം പരിഗണന കാണുന്നു എന്നത് നല്ല പ്രവണതയാണ്.
പാർശ്വവൽകൃതരായ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ പ്രവേശനം 100% ആക്കാനുള്ള ശ്രമം പൂർത്തിയാകണമെങ്കിൽ പാഠ്യപദ്ധതി കൂടി അവരെ ഉൾക്കൊള്ളുന്ന വിധമാകണം. ദേഹാധിക്ഷേപം (body shaming) ഒരു ശീലമാക്കിയ സമൂഹത്തിൽ വളർന്നു വരുന്ന കുട്ടികളാണ് ഇന്ത്യൻ പൊതുസമൂഹത്തിലേത്. അവർ, പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികളെ എന്നല്ല, ചെറിയ തോതിലെങ്കിലും ശ്രദ്ധേയമായ വ്യത്യസ്ത ശാരീരിക സവിശേഷതകളുള്ള (വണ്ണം, ഉയരം, നിറം തുടങ്ങിയവ ശരാശരിയിൽ കവിഞ്ഞ് വ്യത്യാസപ്പെട്ടവരുൾപ്പെടെയുള്ള) കുട്ടികളെ വരെ മാനസികമായി തകർക്കുന്ന വിധമാവും അവരറിയാതെ പോലും പെരുമാറുന്നത്. ഇക്കാര്യത്തിൽ അധ്യാപകരോ പൊതുസമൂഹമോ പോലും മെച്ചമല്ല. ശാരീരിക സവിശേഷതകളെ ഉൾക്കൊള്ളാനും സമത്വബോധത്തോടെ ഇടപെടാനും സാധിക്കുന്ന വിധം വിദ്യാർത്ഥികളെ മാറ്റിത്തീർക്കാൻ വിദ്യാഭ്യാസ പദ്ധതി ശക്തമായിരിക്കണം. അധ്യാപക പരിശീലന പരിപാടികളിലും ഈ വീക്ഷണം ഉൾച്ചേർക്കപ്പെടണം. പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളുടെ ജാതീയമോ മതപരമോ വംശീയമോ ദേശീയമോ ഭാഷാ പരമോ ലിംഗപരമോ ആയ സവിശേഷതകളും എല്ലാ വിദ്യാർത്ഥികളും സമത്വബുദ്ധിയോടെ സ്വീകരിക്കാൻ സന്നദ്ധമാകണം.
സഹസ്രാബ്ധങ്ങളായി പുരുഷമേധാവിത്വ പരമായ ഒരു സാമൂഹിക - കുടുംബ ഘടനയിലൂടെയാണ് നമ്മുടെ സമൂഹം കടന്നു വരുന്നത്. ഇതിൽ മതങ്ങളും മറ്റും വഹിച്ചിട്ടുള്ള പങ്ക് വളരെയേറെയാണ്. പുരുഷന്റെ മറ്റ് സ്ഥാവരജംഗമ സ്വത്തുക്കൾക്കൊപ്പമാണ് പലപ്പോഴും സ്ത്രീകളെ പരിഗണിച്ചിട്ടുള്ളത്. ഒന്നുകിൽ പുരുഷന്റെ ഉടമസ്ഥതയിലുള്ള 'വസ്തു' എന്ന പദവി, അല്ലെങ്കിൽ പുരുഷന് അഭീഷ്ട വരദായിനിയായ 'ദേവത' എന്ന പദവി. ഈ രണ്ടു പദവികളും സ്ത്രീകളുടെ സാമൂഹികവും വൈയക്തികവും ആയ വളർച്ചക്ക് ദോഷമേ ചെയ്തിട്ടുള്ളു. ഈ രണ്ടു പദവികളോടും നീതി പുലർത്താൻ നടത്തുന്ന ത്യാഗപൂർണ്ണമായ ജീവിതം സ്ത്രീ വർഗ്ഗത്തെ യന്ത്രസമാനമാക്കിക്കഴിഞ്ഞു. സ്ത്രീകൾക്ക് മനുഷ്യ പദവി ഉറപ്പു വരുത്തുന്നതായിരിക്കണം വിദ്യാഭ്യാസ പദ്ധതി. വീട്ടിലെയും സമൂഹത്തിലെയും തൊഴിൽ വിഭജനത്തിന്റെ കാര്യത്തിൽ ഇന്നു തുടരുന്ന അനീതി അവസാനിപ്പിക്കേണ്ടതുണ്ട്. എല്ലാവിധ ഗൃഹജോലികളും സ്ത്രീകളും പുരുഷൻമാരും പങ്കുവച്ചു നിർവ്വഹിക്കേണ്ടത് സ്ത്രീകളുടെ പഠനം, തൊഴിൽ നിർവ്വഹണം, സാമൂഹിക പങ്കാളിത്തം, ആത്മാവിഷ്ക്കാരം എന്നിവ അർത്ഥപൂർണ്ണമാക്കുന്നതിന് ആവശ്യമാണ്. ശക്തി കുടിയ ഡിഷ് വാഷിന്റെ മാത്രം സഹായമല്ല സ്ത്രീകളുടെ ആത്മാവിഷ്ക്കാരത്തിനാവശ്യമായത്.
ലിംഗനീതിയും സുരക്ഷയും സ്ത്രീയ്ക്ക് ലഭ്യമാകണമെങ്കിൽ ലൈംഗിക വിദ്യാഭ്യാസവും ഒഴിച്ചുകൂടാത്തതാണ്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ പറ്റി പറയുമ്പോഴെല്ലാം ചിലർ പരിഹാസദ്യോതകമായി ഉന്നയിക്കാറുള്ളത് 'ആ വിഷയത്തിൽ തിയറി മാത്രം മതിയോ പ്രാക്റ്റിക്കലും ആവശ്യമല്ലേ' എന്ന ചോദ്യമാണ്. എന്നാൽ ലൈംഗിക വിദ്യാഭ്യാസമെന്നാൽ ലൈംഗികബന്ധം പുലർത്തുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം എന്ന വികലമായ മുൻധാരണയാണ് ഇത്തരം ചോദ്യങ്ങൾക്ക് പ്രേരകമാകുന്നത്.
തങ്ങളുടെ ശരീരത്തെയും ശാരീരിക പ്രത്യേകതകളെയും സവിശേഷ പ്രവർത്തനങ്ങളെയും യഥാകാലം വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണം. വികസിത രാജ്യങ്ങളിൽ ചെറു പ്രായത്തിൽ തന്നെ സ്വശരീരത്തിലെ സ്വകാര്യ ഭാഗങ്ങളെ (Private Part) കുട്ടികൾക്കു പരിചയപ്പെടുത്തുന്നു. നല്ല സ്പർശം, ചീത്ത സ്പർശം (Good touch, bad touch) തുടങ്ങിയ കാര്യങ്ങൾ, സ്വശരീരത്തിൽ തന്റെ അനുവാദമില്ലാതെ സ്പർശിക്കുന്ന ആരോടും പ്രതികരിക്കാനുള്ള ശേഷി തുടങ്ങിയ സംഗതികൾ ചെറിയ ക്ലാസുകളിൽ തന്നെ ലിംഗഭേദമെന്യേ കുട്ടികൾക്ക് പകർന്നു നൽകേണ്ടതുണ്ട്. സ്വന്തം ശരീരത്തിന്റെ മേലുള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയും ബോധ്യപ്പെടുത്തുന്നതിനൊപ്പം അപര ശരീരങ്ങളെ ബഹുമാനിക്കാനും പരിശീലിപ്പിക്കുന്നതാകണം വിദ്യാഭ്യാസ പദ്ധതി.
ഇത്തരത്തിൽ കുട്ടികളുടെ വളർച്ചക്കനുസരിച്ച് ശാസ്ത്രീയമായ ലൈംഗിക അറിവുകൾ അവർക്ക് ലഭ്യമായില്ലെങ്കിൽ ആധികാരികമല്ലാത്ത കേന്ദ്രങ്ങളിൽ നിന്ന് അശാസ്ത്രീയവും തെറ്റായതുമായ വിവരങ്ങൾ കുട്ടികളിൽ എത്തിച്ചേരുകയും അവർ ചൂഷണം ചെയ്യപ്പെടുകയും ചെയ്യും. ആർത്തവം പോലുള്ള ജൈവ പ്രക്രിയകളുടെ പ്രത്യേകതകൾ അറിയാതെ അവ ആത്മീയ അശുദ്ധിക്കു വരെ കാരണമായി തെറ്റിദ്ധരിക്കുന്നത് ലൈംഗിക അജ്ഞത മൂലമാണ്. ശാരീരിക വളർച്ച പരിപക്വമാകുന്നതിനൊപ്പം എല്ലാ വിധ ലൈംഗികപ്രവർത്തനങ്ങളെ പറ്റിയും ശാസ്ത്രീയ ധാരണകൾ ഉണ്ടാകേണ്ടത് ആരോഗ്യകരമായ കുടുംബ ജീവിതത്തിനും ആവശ്യമാണ്.
സ്ത്രീകൾക്ക് തുല്യനീതി ലഭ്യമാകണമെങ്കിൽ അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൂടി ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസാനന്തരം നേരെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച് വീടിന്റെ ചുമരുകളിൽ ഒതുങ്ങുന്നവരാണ് ബഹുഭൂരിപക്ഷം സ്ത്രീകളും. എന്നാൽ തനിക്കിണങ്ങുന്ന, സ്വന്തമായി വരുമാനം ഉറപ്പു വരുത്താവുന്ന, ഒരു തൊഴിൽ മേഖലയിൽ പ്രവേശിച്ച ശേഷം മാത്രമേ സ്ത്രീയും പുരുഷനും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാവൂ. സ്ത്രീയുടെ വരുമാനം കൈകാര്യം ചെയ്യുന്നതിന്റെ പൂർണ്ണ ചുമതല അവരവർക്കു തന്നെയായിരിക്കണം. തനിക്കു ലഭിക്കുന്ന ഉയർന്ന ശമ്പളം മുഴുവൻ ഭർത്താവിനെ ഏല്പിച്ച് പിറ്റേന്നു മുതൽ വണ്ടിക്കൂലിക്കുള്ള പണം ലഭിക്കാൻ പോലും ഭർത്താവിന്റെ സൗമനസ്യത്തിനു കാക്കുന്ന ഉന്നതോദ്യോഗസ്ഥകൾ ഇന്നു ധാരാളമുണ്ട്. തൊഴിലും വരുമാനവും മാത്രമല്ല സാമ്പത്തിക സ്വാതന്ത്ര്യവും സ്ത്രീകൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ പദ്ധതിയിലും വിവാഹപ്രായത്തിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.
NEP 2020 ലിംഗ ന്യൂനപക്ഷങ്ങളെ പരാമർശിക്കുമ്പോഴും ലൈംഗിക ന്യൂനപക്ഷങ്ങളെ പറ്റി മൗനം പാലിക്കുന്നു. ശാരീരിക സവിശേഷതകളിൽ സ്ത്രീയും ചിത്തവൃത്തിയിലും വ്യവഹാരത്തിലും പുരുഷനും ആയിരിക്കുന്നവരും, ശാരീരിക സവിശേഷതകളിൽ പുരുഷനും ചിത്തവൃത്തിയിലും വ്യവഹാരത്തിലും സ്ത്രീയും ആയിരിക്കുന്നവരും ആണ് ലിംഗ ന്യൂനപക്ഷങ്ങൾ ആയ ട്രാൻസ്ജെൻഡറുകൾ. ശാരീരികമായി ഉഭയലിംഗ സവിശേഷതകൾ ഉള്ളവരും (ഇന്റർസെക്സ്) ഇക്കൂട്ടത്തിലുണ്ട്. അതേ സമയം ലൈംഗികമായി സ്വവർഗ്ഗ തത്പരരായ സ്ത്രീകളും (ലെസ്ബിയൻ) സ്വവർഗ്ഗ തത്പരരായ പുരുഷൻമാരും (ഗേ) ഉഭയ തത്പരരും (ബൈസെക്ഷ്വൽ) അലൈംഗികരും (അസെക്ഷ്വൽ) മറ്റും ലൈംഗിക ന്യൂനപക്ഷങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ പരിഗണിക്കപ്പെടേണ്ട എല്ലാ വിഭാഗങ്ങളെയും ചേർത്ത് LGBTQueer സമൂഹം എന്ന് വ്യവഹരിക്കാറുണ്ട്.
ഈ സവിശേഷതകൾ ശാപമായോ രോഗമായോ വൈകല്യമായോ കാണുകയും അവരെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ബഹിഷ്കരിക്കുകയും ചെയ്യുകയായിരുന്നു കാലങ്ങളായി ഇവിടെ പൊതുസമൂഹം ചെയ്തു വന്നിരുന്നത്. പുതിയ കാലത്തിന്റെ മാനവിക ബോധവും ശാസ്ത്രത്തിന്റെ വളർച്ചയും ഇക്കാര്യങ്ങളിൽ വ്യത്യസ്തത വരുത്തിയിട്ടുണ്ട്. ഈ പ്രത്യേകതകളെല്ലാം സ്വാഭാവികം മാത്രമാണെന്ന് ഇന്ന് മനസിലാക്കപ്പെടുന്നു. ലിംഗലൈംഗിക ന്യുനപക്ഷങ്ങൾ അക്കാര്യത്തെ മാറ്റിനിർത്തിയാൽ, കായികവും മാനസികവും ബൗദ്ധിയുമായ നിലയിൽ തികച്ചും സാധാരണ മനുഷ്യർ തന്നെയാണ്. ശാരീരികവും ലൈംഗികവുമായ കാര്യങ്ങളാകട്ടെ ഒരാളുടെ തികച്ചും സ്വകാര്യമായ പ്രത്യേകതകളും. പൊതുസമൂഹത്തിന് അതിൽ കൈകടത്തേണ്ട യാതൊന്നുമില്ല. ലിംഗ ലൈംഗിക ന്യുനപക്ഷങ്ങളെ സമത്വ ബോധത്തോടെ നമുക്കൊപ്പം ചേർത്തു നിർത്തേണ്ടത് സാമൂഹിക പുരോഗതിക്ക് അനിവാര്യമാണ്. അതിനാൽ ഈ വിഭാഗങ്ങളെയെല്ലാം പരസ്പര ബഹുമാനപൂർവ്വം ഉൾക്കൊള്ളുന്ന വിധത്തിലാകണം പഠനപ്രക്രിയ നിർവ്വഹിക്കേണ്ടത്. അതിന് ശാസ്ത്രീയമായ അറിവുകൾ പകരുന്ന ലൈംഗിക വിദ്യാഭ്യാസവും ഒരു അവശ്യ ഘടകമാണ്.
Comments
Post a Comment